ഹാട്രിക് സൂപ്പര്‍ഹിറ്റുകളുമായി മോഹന്‍ലാല്‍; പുലിമുരുകന്‍ 15 കോടിയിലേക്ക് !

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (14:19 IST)
തുടര്‍ച്ചയായ മൂന്ന് സിനിമകളുടെ വന്‍ വിജയത്തോടെ ഹാട്രിക് ഹിറ്റിന് ഉടമയായി മോഹന്‍ലാല്‍. മോഹന്‍ലാല്‍ - പ്രയദര്‍ശന്‍ കൂട്ടുകെട്ടിന്റെ ഒപ്പം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് മറ്റൊരു ചിത്രമായ പുലിമുരുകന്റെ ടിക്കറ്റിനായി പ്രേക്ഷകര്‍ നെട്ടോട്ടമോടുന്നത്. സ്‌പെഷ്യല്‍ ഷോകളും മറ്റുമായി മലയാളത്തിലെ സമീപകാലത്തെ ഏറ്റവും വലിയ വിജയത്തിലേക്കാണ് പുലിമുരുകന്‍ കുതിക്കുന്നത്.
 
തുടര്‍ച്ചയായ മൂന്ന് വന്‍വിജയങ്ങള്‍ക്കൊപ്പം താന്‍ തന്നെയാണ് ഏറ്റവും താരമൂല്യമുള്ള നടനെന്നു തെളിക്കുകയാണ് മോഹന്‍ലാല്‍. തെലുങ്കില്‍ 100 കോടി പിന്നിട്ട ജനതാ ഗാരേജ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഒപ്പമാകട്ടെ 34 കോടി പിന്നിട്ടു. കൂടാതെ ഏറ്റവും വേഗത്തില്‍ 12 കോടി ഗ്രോസ് കളക്ഷന്‍ എന്ന റെക്കോര്‍ഡുമായി ഇപ്പോളിതാ പുലിമുരുകനും ഹൌസ് ഫുള്ളായി ഓടികൊണ്ടിരിക്കുന്നു. 
 
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. എന്നാല്‍ അഡ്വാന്‍സ് തുക മാത്രമാണ് പുലിമുരുകന് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങിയത്. മൂന്ന് സിനിമകള്‍ ചെയ്യാമായിരുന്ന സമയം പുലിമുരുകനായി നീക്കിവെച്ച അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നതിന്റെ പാകുതി ശമ്പളം മാത്രമാണ് വാങ്ങിയതെന്ന് പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ് പറഞ്ഞു. ബാക്കി തുക പുലിമുരുകന്‍ വിജയിച്ചതിന് ശേഷം മതിയെന്നാണ് പറഞ്ഞത്.
 
കേരളത്തിന് പുറത്തുള്ള കളക്ഷന്‍ കൂടി പരിഗണിക്കുമ്പോള്‍ നാലാം ദിവസത്തില്‍ പുലിമുരുകന്‍ 14 കോടി പിന്നിട്ടേക്കുമെന്നാണ് സൂചന. പൂജാ അവധി ദിവസങ്ങള്‍ കൂടി എത്തുന്നതോടെ ഏറ്റവും വേഗത്തില്‍ 15 കോടിയെന്ന നേട്ടവും പുലിമുരുകന്‍ സ്വന്തമാക്കിലേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Article