കഴിഞ്ഞ കുറെ ദിവസങ്ങളായി സിനിമ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് തീയേറ്റർ ഉടമകളുടെ സമരം. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നിട്ടും പ്രശ്നങ്ങൾ രമ്യമായ രീതിയിൽ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് പൃഥ്വിരാജ്.
പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ വിഹിതം വേണമെന്ന ചില തിയേറ്റർ ഉടമകളുടെ ആവശ്യം. എന്തുകൊണ്ട് എല്ലാ സംഘടനകൾക്കും അംഗീകൃതമായ ഒരു തീയേറ്റർ റേറ്റിംഗ് പാനൽ/ബോഡി രൂപികരിച്ചു തീയേറ്ററുകൾ അത്തരത്തിൽ റേറ്റ് ചെയ്തു വിഹിതം നിശ്ചയിച്ചുകൂടാ?. ഈ പ്രശ്നത്തിന് ഒരു പരിഹാരം എത്രയും പെട്ടന്ന് ഉണ്ടാകട്ടെയെന്ന് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.
പൃഥ്വിയുടെ പോസ്റ്റിനടിയിൽ നിരവധി കമന്റുകളാണ് വരുന്നത്. നടന്മാരായ നീരജ് മാധവ്, രജിത് ശങ്കർ എന്നിവരും ഐക്യധാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ''മലയാളത്തിൽ പറഞ്ഞതിന് രാജുവേട്ടനോടുള്ള നന്ദി ഞാനും രേഖപെടുത്തുന്നു, മലയാളത്തിൽ പോസ്റ്റ് വന്നത് നന്നായി അല്ലേൽ ഡിക്ഷ്ണറി ആപ്പ് തുറക്കേണ്ടി വന്നേനെ രാജുവേട്ടാ ലൈക് അടിച്ചു പോവേണ്ട അവസ്ഥ ആയേനെ, ഇപ്പോഴും മൗനികളായി ഇരിക്കുന്ന സൂപ്പർ മെഗാ താരങ്ങൾക്ക് ഇല്ലാത്ത ചങ്കൂറ്റത്തിന് കയ്യടികൾ'' എന്നിങ്ങനെ പോകുന്നു കമന്റുകൾ.