നിരാശ നല്‍കുന്ന ഭൈരവ, ദയനീയമായ തിരക്കഥയും സംവിധാനവും; പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞ് ആരാധകര്‍ !

സ്നേഹ ഉല്ലാസ്
വ്യാഴം, 12 ജനുവരി 2017 (17:55 IST)
ഇളയദളപതി വിജയ് നായകനാകുന്ന സിനിമയെക്കുറിച്ച് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഒരു പക്കാ മാസ് ഫിലിം തന്നെയാണ്. അതില്‍ കലാമൂല്യം ആരും തിരയാറില്ല. എന്നാല്‍ പുതിയ സിനിമ ‘ഭൈരവ’ വിജയ് ആരാധകരെയും മാസ് ചിത്രങ്ങളുടെ ഓഡിയന്‍സിനെയും തൃപ്തിപ്പെടുത്തുന്നുണ്ടോ? ഭൈരവ ഹിറ്റാകുമോ?
 
ഈ ചോദ്യങ്ങള്‍ക്ക് പെട്ടെന്നുതന്നെ ഉത്തരം നല്‍കാനാകും. വിജയ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന സിനിമയാണ് ഭൈരവ. ഒരു മാസ് ചിത്രം എന്ന നിലയിലും സിനിമ ശരാശരിക്ക് അപ്പുറം നില്‍ക്കുന്നില്ല. ഭരതന്‍ എന്ന സംവിധായകന്‍റെ അഴകിയ തമിഴ് മകനാണ് ഇതിലും ഭേദമെന്ന അഭിപ്രായമുള്ളവര്‍ നിരവധിയാണ്.
 
വിജയ്ക്ക് വേണ്ടി മാത്രമേ ഭൈരവ കണ്ടിരിക്കാനാവൂ. ആ സ്ക്രീന്‍ പ്രസന്‍സില്‍ മാത്രമേ കാര്യവുമുള്ളൂ. ഒരു കഥയോ ഗംഭീര അഭിനയ മുഹൂര്‍ത്തമോ ഒന്നും പ്രതീക്ഷിച്ച് തിയേറ്ററിലെത്തേണ്ട ആവശ്യമില്ല. മികച്ച എനര്‍ജി ലെവലില്‍ ഒരു തകര്‍പ്പന്‍ പ്രകടനം വിജയ് നടത്തുന്നു. എന്നാല്‍ ചില ഡയലോഗ് പ്രസന്‍റേഷനുകള്‍ അസാധാരണമാം വിധം കൃത്രിമമാണ് എന്ന് പറയാതെവയ്യ.
 
കഥയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ സമയമേറെയെടുത്തു എന്നതിലാണ് ഭൈരവയുടെ പാളിച്ച തുടങ്ങുന്നത്. ഇളയദളപതിയുടെ സാന്നിധ്യമില്ലാത്ത ഫ്ലാഷ് ബാക്കില്‍ (വിജയ് ഇല്ലാതെ 20 മിനിറ്റ്! ... ആരാധകര്‍ക്ക് പലപ്പോഴും ക്ഷമ നഷ്ടപ്പെട്ടു എന്ന് പറയാതെ തരമില്ല) നിന്ന് ആകെ ഗുണം കിട്ടിയത് വില്ലനുമാത്രമാണ്. ഒരു ഇമേജ് ബില്‍ഡപ്പ് നടന്നു. 
 
ആദ്യപകുതി വരെ അല്‍പ്പസ്വല്‍പ്പം പാളിച്ചകളോടെ തന്നെ സഹിച്ചിരിക്കാവുന്ന ഒരു പ്രൊഡക്ടാണ് ഭൈരവ. അങ്ങിങ്ങ് ചില നല്ല സീനുകള്‍ ഉണ്ട്. സിനിമ ചിലപ്പോള്‍ നല്ലവഴിക്ക് നടന്നേക്കുമെന്ന് ആശിപ്പിക്കുന്ന ചില രംഗങ്ങള്‍. എന്നാല്‍ പിന്നീട് എല്ലാം കൈവിട്ടുപോകുകയായിരുന്നു. ഒട്ടും എക്സൈറ്റ് ചെയ്യിക്കാതെ തീര്‍ത്തും ഫ്ലാറ്റായി കഥാഗതി നീങ്ങുകയും ആരെയും സന്തോഷിപ്പിക്കാതെ പെട്ടെന്ന് അവസാനിക്കുകയും ചെയ്തു.
 
അടുത്തവീട്ടിലെ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കും വിധം നല്ല പ്രകടനമാണ് നായിക കീര്‍ത്തി സുരേഷ് നടത്തുന്നത്. കീര്‍ത്തി സ്വന്തമായ ഒരു സ്പേസ് സിനിമയില്‍ ഉണ്ടാക്കിയെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് തന്‍റെ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. ചില പ്രത്യേക എക്സ്പ്രഷനുകളൊക്കെ ക്ലിക്ക് ആകുകയും ചെയ്തു.
 
ചില രംഗങ്ങളൊക്കെ നാടകീയത കുത്തിനിറച്ചതായി അനുഭവപ്പെട്ടു. അഴകിയ തമിഴ് മകന്‍റെ പരാജയത്തില്‍ നിന്ന് സംവിധായകന്‍ അധികമൊന്നും പഠിച്ചിട്ടില്ല എന്ന് തോന്നിക്കും വിധമുള്ള രംഗങ്ങള്‍. ജഗപതി ബാബുവിന്‍റെ വില്ലന്‍ നന്നായി. തമ്പി രാമയ്യ, ഡാനിയല്‍ ബാലാജി എന്നിവരും മികച്ചുനിന്നു. എന്നാല്‍ സതീഷിന്‍റെ നമ്പരുകളൊന്നും മുന്‍ ചിത്രങ്ങളിലേതുപോലെ ഏറ്റുകണ്ടില്ല.
 
അനില്‍ അരശ് കോറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമായി. സുകുമാറിന്‍റെ ഛായാഗ്രഹണവും നന്ന്. സിനിമയുടെ തുടക്കത്തില്‍ പലപ്പോഴും ലിപ് സിങ്ക് നഷ്ടമായത് കല്ലുകടിയായി. ബിജി‌എം നിലവാരം പുലര്‍ത്തിയില്ലെങ്കിലും ‘വരലാം വാ’ എന്ന പീസ് ത്രസിപ്പിക്കുന്നതായിരുന്നു.
 
എന്തായാലും തിരക്കഥയിലെ പാളിച്ച തന്നെയാണ് ഭൈരവയുടെ നട്ടെല്ലൊടിച്ചത്. കേരളത്തില്‍ ഈ സമരകാലത്ത് അത്രയ്ക്കൊന്നും ആവേശം കൊള്ളിക്കുന്ന പ്രകടനമല്ല ഭൈരവയുടേത്.
 
റേറ്റിംഗ്: 2/5
Next Article