ദീപാ നിശാന്ത് പേരൻപിന് നൽകിയ അവലോകനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിവ്യൂ പോസ്‌റ്റ് ചെയ്‌ത് മിനിറ്റുകൾക്കകം തന്നെ നിരവധി അഭിപ്രായങ്ങളും വന്നിരുന്നു. എന്നാൽ പോസ്‌റ്റിന് താഴെ ഇത് സ്വന്തം റിവ്യൂ തന്നെയാണോ എന്ന ചോദ്യത്തിന് ദീപ കൊടുത്ത മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇത് സ്വന്തം വാചകങ്ങൾ തന്നെയാണെന്ന് വിശ്വസിക്കട്ടെ എന്നായിരുന്നു ചോദ്യം. 'ഒരിക്കലുമരുത് !എല്ലാം ശബ്ദതാരാവലിയിലെ വാക്കുകളാണ്' എന്നായിരുന്നു ദീപാ നിശാന്ത് നൽകിയ മറുപടി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നിട്ടുണ്ട്.
'അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.
പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.