സംവിധായകൻ ഭദ്രന്റെ രണ്ടാമത്തെ സിനിമയാണ് ചങ്ങാത്തം. മോഹൻലാലും മമ്മൂട്ടിയും പ്രേക്ഷകരിൽ സ്വാധീനം ചെലുത്തി വരുന്ന സമയം. തുടക്കകാരനും വില്ലനുമായി ശ്രദ്ധനേടി വരുന്ന മോഹന്‍ലാലിനു ഒരു ബ്രേക്ക് നൽകാൻ ഭദ്രൻ ആഗ്രഹിച്ചിരുന്നു.
അങ്ങനെയാണ് തന്റെ രണ്ടാമത്തെ ചിത്രമായ ചങ്ങാത്തതിന്റെ കഥ അദ്ദേഹം മോഹൻലാലിനോട് പറയുന്നത്. ടോണി എന്ന നായകവേഷം ലാലിനു ബ്രേക്ക് സമ്മാനിക്കുമെന്ന് ഭദ്രന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. മോഹന്‍ലാലിനെ മനസ്സില്‍ പ്രതിഷ്ടിച്ചായിരുന്നു തന്റെ രണ്ടാമത്തെ ചിത്രത്തിന് കഥ മെനഞ്ഞത്.
പക്ഷെ , കഥ കേട്ട നിര്‍മ്മാതാവ് ഈരാളിക്ക് സംശയമായി. ‘ഇത് മമ്മൂട്ടി ചെയ്താൽ അല്ലേ നന്നാവുക?’. ഇക്കാര്യത്തിൽ ഭദ്രനുമായി ഈരാളി തർക്കത്തിലായി. ഒടുവില്‍ തര്‍ക്കം പ്രശസ്ത നടി ഷീല യുടെ മുന്നിലെത്തി. ആരാണ് ടോണി എന്ന കഥാപാത്രത്തിനു മികച്ചത് എന്ന കാര്യം പരിഹരിക്കുന്നതിനായി ഭദ്രൻ കഥ മുഴുവൻ ഷീലയെ വായിച്ച് കേൾപ്പിച്ചു.
കഥ കേട്ട് കഴിഞ്ഞ ഷീലയും ചോദിച്ചത് അത് തന്നെ. ”ഇത് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിക്കല്ലേ ഭദ്രാ കൂടുതല്‍ ഇണങ്ങുക”. ഒടുവില്‍ ഭദ്രനും മനസ്സുകൊണ്ട് മമ്മൂട്ടിയെ അംഗീകരിച്ചു. കഥ കേട്ടവർക്കെല്ലാം ‘മമ്മൂട്ടിയാണ് മികച്ചത്’ എന്നായിരുന്നു അഭിപ്രായം. അങ്ങനെ ചങ്ങാത്തം എന്ന ചിത്രത്തിലെ നായകവേഷം മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയിലേക്ക് എത്തിചേർന്നു. 1983ല്‍ റിലീസ് ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായി മാറി.
പക്ഷേ, ഭദ്രൻ മോഹൻലാലിനെ മറന്നില്ല. ചിത്രത്തിൽ ചെറിയ ഒരു വേഷത്തില്‍ മോഹന്‍ലാലും പ്രത്യക്ഷപെട്ടു.