Officer On Duty Box Office Collection: 'അടിച്ചു കേറി ചാക്കോച്ചന്‍' ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി കോടികള്‍ വാരുന്നു

രേണുക വേണു

ശനി, 22 ഫെബ്രുവരി 2025 (10:04 IST)
Officer On Duty Box Office Collection

Officer On Duty Box Office Collection: ബോക്‌സ്ഓഫീസില്‍ മിന്നുന്ന പ്രകടനവുമായി കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ തിയറ്ററുകളിലെത്തിക്കാന്‍ ആദ്യദിനങ്ങളില്‍ ചാക്കോച്ചന്‍ ചിത്രത്തിനു സാധിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ആദ്യ ദിനത്തേക്കാള്‍ മികച്ച കളക്ഷന്‍ രണ്ടാം ദിനം സ്വന്തമാക്കാന്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്കു സാധിച്ചു. 
 
റിലീസ് ദിനമായ വ്യാഴാഴ്ച 1.25 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. രണ്ടാം ദിനമായ വെള്ളിയാഴ്ച അത് 1.80 കോടിയായി ഉയര്‍ന്നു. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം രണ്ട് ദിവസം കൊണ്ട് മൂന്ന് കോടിയിലേറെ കളക്ട് ചെയ്യാന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനു സാധിച്ചു. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ അഞ്ച് കോടി കടന്നിട്ടുണ്ട്. അവധി ദിനങ്ങളായ ഇന്നും നാളെയും രണ്ട് കോടിക്കടുത്ത് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം കളക്ട് ചെയ്യാന്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. 
 
ഷാഹി കബീറിന്റെ തിരക്കഥയില്‍ ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. കുഞ്ചാക്കോ ബോബന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. 
 
സിനിമയെ കുറിച്ച് വെബ് ദുനിയ മലയാളം പ്രസിദ്ധീകരിച്ച റിവ്യു വായിക്കാം: 
 
ഷാഹി കബീറിന്റെ മുന്‍ തിരക്കഥകളെ പോലെ വളരെ എന്‍ഗേജിങ്ങും ഗ്രിപ്പിങ്ങും ഉള്ളതായിരുന്നു 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ ആദ്യ പകുതി. പ്ലോട്ടിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ ആദ്യ പകുതിയില്‍ തിരക്കഥ വിജയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ തിരക്കഥയും ഡയറക്ഷനും അല്‍പ്പം നിരാശപ്പെടുത്തി. സിനിമയെ മൊത്തത്തില്‍ ശരാശരിയിലോ അല്ലെങ്കില്‍ അതിനു തൊട്ടുമുകളില്‍ നില്‍ക്കാവുന്ന തരത്തിലേക്കോ താഴ്ത്തുന്നത് രണ്ടാം പകുതിയാണ്. 
 
രണ്ടാം പകുതിയില്‍ തിരക്കഥയിലുണ്ടാകുന്ന പോരായ്മകളെ ഒരുപരിധി വരെ മറച്ചുപിടിക്കുന്നത് നോണ്‍ ലീനിയര്‍ കഥ പറച്ചിലുകൊണ്ടാണ്. സംശയങ്ങളെ കുറിച്ച് ആലോചിക്കാന്‍ സമയം നല്‍കാതെ നോണ്‍ ലീനിയര്‍ കഥ പറച്ചിലുകൊണ്ട് പ്രേക്ഷരുടെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു സാധിക്കും. ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടെ പാസ്റ്റ് ട്രോമയടക്കം പൊതുവെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ തുടര്‍ന്നുപോരുന്ന 'ക്ലീഷേ' ഘടകങ്ങളെല്ലാം ഇവിടെയുണ്ട്. അതെല്ലാം പ്രതീക്ഷിച്ചു കയറിയാല്‍ സാറ്റിസ്ഫാക്ടറിയായിരിക്കും പടം. 
 
തുടക്കത്തില്‍ ഒരു പത്ത് മിനിറ്റ് കുഞ്ചാക്കോ ബോബന്റെ എയറുപിടിത്തവും ബുദ്ധിമുട്ടിയുള്ള ഡയലോഗ് ഡെലിവറിയും ഉണ്ടെങ്കിലും പിന്നീടങ്ങോട്ട് പുള്ളി നല്ല രീതിയില്‍ കഥാപാത്രത്തെ പുള്‍ ഓഫ് ചെയ്തിട്ടുണ്ട്. പുള്ളിയുടെ മികച്ച പെര്‍ഫോമന്‍സ് സിനിമയുടെ ബാക്ക് ബോണ്‍ ആണ്. 
 
നവാഗത സംവിധായകന്‍ എന്ന നിലയില്‍ ജിത്തു അഷ്റഫ് നിരാശപ്പെടുത്തുന്നില്ല. രണ്ടാം പകുതിയെ കുറേ കൂടി ഗൗരവത്തില്‍ സമീപിച്ചിരുന്നെങ്കില്‍ അരങ്ങേറ്റ ചിത്രം അവിസ്മരണീയമാക്കാനുള്ള സാധ്യതകള്‍ സംവിധായകനുണ്ടായിരുന്നു. ജേക്സ് ബിജോയിയുടെ സംഗീതവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും മികച്ചതായിരുന്നു. റോബി വര്‍ഗീസ് രാജിന്റെ ക്യാമറയും തൃപ്തികരമായിരുന്നു. സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം വളരെ എന്‍ഗേജിങ്ങും പെര്‍ഫക്ടുമായിരുന്നു. അതില്‍ തന്നെ മോര്‍ച്ചറി ഫൈറ്റ് സീന്‍ എടുത്തുപറയേണ്ടതാണ്. മൊത്തത്തില്‍ തിയറ്റര്‍ വാച്ചബിലിറ്റി അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. വന്‍ പ്രതീക്ഷകളില്ലാതെ ടിക്കറ്റെടുത്താല്‍ തീര്‍ച്ചയായും എല്ലാ പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തും. 
 
(ചിലര്‍ക്കെങ്കിലും പടത്തിലെ വയലന്‍സ് അത്ര മാനേജബിള്‍ ആയിരിക്കില്ല. പടം കണ്ട ചില ഫ്രണ്ട്സ് പലയിടത്തും ഡിസ്റ്റര്‍ബ്ഡ് ആയിരുന്നെന്ന് പറഞ്ഞു. കുട്ടികളെയും കൊണ്ട് കാണരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം) 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍