മഞ്ജു എല്ലാം സഹിക്കുകയാണ്, മീനാക്ഷി അമ്മയ്‌ക്കൊപ്പം പോകാതിരുന്നതിന്റെ കാരണം പറഞ്ഞ് ജീജ

നിഹാരിക കെ.എസ്

വെള്ളി, 21 ഫെബ്രുവരി 2025 (15:58 IST)
പ്രണയിച്ച് വിവാഹിതരായ ദിലീപ്-മഞ്ജു ബന്ധം പതിനാല് വർഷങ്ങൾക്ക് ശേഷം കോടതിമുറിയിൽ അവസാനിച്ചു. ശേഷം മകൾ മീനാക്ഷി പിതാവിനൊപ്പം ജീവിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതോടെ, മഞ്ജു വാര്യർക്ക് നേരെ കടുത്ത സൈബർ ആക്രമണമുണ്ടായി. അച്ഛന്റെ ഭാഗത്ത് ശരികൾ ഉണ്ടായത് കൊണ്ടാണ് മകൾ അച്ഛനൊപ്പം നിന്നതെന്ന് ആരോപണം ഉയർന്നു. മകളെ മഞ്ജു ഉപേക്ഷിച്ചതാണെന്നൊക്കെ ചർച്ചകൾ വന്നു. 
 
എന്നാൽ വിവാഹമോചനത്തിലും പിന്നീടുള്ള കാര്യങ്ങളിലും മഞ്ജു എടുത്ത തീരുമാനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറയുകയാണ് നടി ജീജ സുരേന്ദ്രൻ. മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് മഞ്ജു-ദിലീപ് വിവാഹമോചനത്തെ കുറിച്ച് ജീജ സംസാരിച്ചത്. പെണ്ണായാൽ ഇങ്ങനെ വേണമെന്ന് പറയുന്നത് മഞ്ജുവിന്റെ കാര്യത്തിലാണെന്നാണ് ജീജ പറയുന്നത്. 
 
'ഈ ലോകത്ത് ഒരുപാട് ഡിവോഴ്‌സ് നടക്കുന്നുണ്ട്. പക്ഷേ ആ മഞ്ജുവിന്റെ നാവിൽ നിന്നും എന്തെങ്കിലും കിട്ടിയോ? ഒരു യൂട്യൂബർ മഞ്ജുവിനോട് ഇതിനെ കുറിച്ച് ഒരിക്കൽ ചോദിച്ചിരുന്നു. അതിനവർ പറഞ്ഞ മറുപടി ഇങ്ങനെയാണ്... 'മനസിന് സന്തോഷം തരാത്ത കാര്യങ്ങൾ നമ്മൾ പറയാൻ പാടില്ല. അത് ചോദിക്കാനും പാടില്ല. അത് സ്വകാര്യ ദുഃഖമായി അവിടെയിരിക്കട്ടെ. ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ്,' മഞ്ജു പറഞ്ഞത്.
 
മഞ്ജുവിന്റെ സ്ഥാനത്ത് വേറെ വല്ലവരുമായിരുന്നെങ്കിൽ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് നടന്നേനെ... അങ്ങനെയെങ്കിൽ മകൾ മീനാക്ഷി മഞ്ജുവിന്റെ കൂടെ നിൽക്കാത്തത് എന്തുകൊണ്ടായിരിക്കുമെന്നും അവതാരകൻ ചോദിച്ചു. 'എന്റെ വീട്ടിലും രണ്ട് പെൺമക്കളുണ്ട്. അവർ അച്ഛനോട് കാണിക്കുന്ന സ്‌നേഹം കണ്ടാൽ ഇങ്ങനെ സ്‌നേഹം ഉണ്ടാവുമോന്ന് തോന്നും. അതുപോലെയാണ് ദിലീപും മീനൂട്ടിയും. മകളുടെ മനസ് വേദനിപ്പിക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല.
 
ആ കുട്ടിയെ അമ്മയുടെ കൂടെയെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം കൊണ്ട് വന്നാൽ അവളുടെ മനസ് വേദനിക്കും. ആ കുട്ടി അമ്മയെക്കാളും കൂടുതൽ സന്തോഷമായിരിക്കുന്നത് അച്ഛനൊപ്പമാണ്. അച്ഛനെ കാത്തിരിക്കുകയും അച്ഛനൊപ്പം ഉറങ്ങുകയും ഭക്ഷണം കഴിക്കാനുമൊക്കെ ആഗ്രഹിക്കുന്ന കുട്ടിയാണ് മീനാക്ഷി. അപ്പോൾ മഞ്ജുവിന്റെ വേദനയില്ലേ എന്ന് ചോദിച്ചാൽ അവർ എല്ലാം സഹിക്കുകയാണ്. ഇപ്പോൾ മഞ്ജുവിന്റെ മകൾ വളർന്ന് സന്തോഷമായിരിക്കുന്നുണ്ട്. ഇനി ആ കുട്ടി അമ്മയെ കുറിച്ചും ചിന്തിക്കും.'
 
വളരെ മുൻപ് മഞ്ജു കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം തിരിച്ച് വന്നപ്പോൾ താൻ ഡാൻസ് കളിക്കുമെന്ന് പോലും മകൾക്ക് അറിയില്ലെന്നാണ് പറഞ്ഞത്. ആ കുട്ടി അതൊന്നും കണ്ടിട്ടില്ല. ഇപ്പോഴാണ് മഞ്ജുവിന്റെ കഴിവുകളൊക്കെ മകൾ കണ്ടിട്ടുണ്ടാവുക. സ്വയം കുട്ടി ചിന്തിക്കും. പിന്നെ അവർ ബുദ്ധിയുള്ള കുടുംബമാണ്. യൂട്യൂബർമാർക്ക് കളിക്കാനുള്ളത് അവരാരും തരില്ല. അമ്മയും മകളും തമ്മിൽ വിളിക്കാറുണ്ടോ കാണാറുണ്ടോ എന്നൊന്നും ആർക്കും അറിയില്ല. പിന്നെ അവരുടെ ഉള്ളിൽ നടക്കുന്നതെന്താണെന്നും അറിയില്ല. അവരെല്ലാവരും ഹാപ്പിയാണ്. പിന്നെ എന്തിന് ഇതൊക്കെ വീണ്ടും പറഞ്ഞ് നടക്കുന്നതെന്നും ജീജ ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍