Get - Set Baby Box Office Collection: 'മാര്‍ക്കോ' പോപ്പുലാരിറ്റി കൊണ്ടും രക്ഷയില്ല; ആദ്യദിനം 50 ലക്ഷം പോലും കളക്ട് ചെയ്യാതെ ഗെറ്റ് - സെറ്റ് ബേബി

രേണുക വേണു

ശനി, 22 ഫെബ്രുവരി 2025 (08:56 IST)
Get - Set Baby Box Office Collection

Get - Set Baby Box Office Collection: ബോക്‌സ്ഓഫീസില്‍ ഇംപാക്ട് സൃഷ്ടിക്കാതെ ഉണ്ണി മുകുന്ദന്‍ ചിത്രം ഗെറ്റ് - സെറ്റ് ബേബി. ഇന്നലെ തിയറ്ററുകളിലെത്തിയ ചിത്രത്തിനു ആദ്യദിനം 50 ലക്ഷം പോലും കളക്ട് ചെയ്യാന്‍ സാധിച്ചില്ല. സാക്‌നില്‍ക് വെബ് സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഗെറ്റ് - സെറ്റ് ബേബിയുടെ ആദ്യദിന കളക്ഷന്‍ വെറും 29 ലക്ഷം മാത്രമാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 50 ലക്ഷത്തിലേക്ക് എത്തിയേക്കാം. 
 
വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച തണുപ്പന്‍ പ്രതികരണങ്ങള്‍ ബോക്‌സ്ഓഫീസിലും തിരിച്ചടിയായി. വലിയ വിജയമായ 'മാര്‍ക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമായിട്ട് കൂടി ആദ്യദിനം വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാന്‍ ഗെറ്റ് - സെറ്റ് ബേബിക്കു സാധിച്ചില്ല. മാത്രമല്ല ചില സ്‌ക്രീനുകളില്‍ ആവശ്യത്തിനു പ്രേക്ഷകര്‍ ഇല്ലാത്തതിനാല്‍ ഇന്നലെ ഷോ റദ്ദാക്കുകയും ചെയ്തതായി വിവരമുണ്ട്. 
 
ഒരു കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് 'ഗെറ്റ് സെറ്റ് ബേബി' ഒരുക്കിയിരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററില്‍ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു ഫീല്‍ ഗുഡ് മൂവിയില്‍ എന്താണോ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അത് നല്‍കുന്നതില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം പരാജയപ്പെട്ടെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. 
 
'പുതിയ വീഞ്ഞ്, പഴയ കുപ്പിയില്‍' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ റിവ്യുവില്‍ ഇന്ത്യന്‍ എക്സ്പ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തിരക്കഥ മോശമായെന്നും മടുപ്പിക്കുന്നതാണെന്നും ലെന്‍സ്മാന്‍ റിവ്യുവില്‍ പറയുന്നു. സമാന രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തിനു സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്. 
 
നിഖില വിമലാണ് ചിത്രത്തില്‍ നായിക. ചെമ്പന്‍ വിനോദ് ജോസ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹന്‍, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍