കരൂര്‍ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു, സെന്തില്‍ ബാലാജിക്കെതിരെ ആരോപണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (08:28 IST)
കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. 50 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സെന്തില്‍ ബാലാജിക്കെതിരെ ആത്മഹത്യ കുറിപ്പില്‍ ആരോപണമുണ്ട്.
 
ബാലാജിയുടെ സമ്മര്‍ദ്ദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപിക്കുന്നത്. ദിവസ വേതനക്കാരനായ അയ്യപ്പന്‍ നേരത്തെ വിജയിയുടെ ഫാന്‍സ് കൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ അയ്യപ്പന്‍ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പറയുന്നു. അയ്യപ്പന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ എഫ്ഐആറില്‍ ഗുരുതരമായ ആരോപണങ്ങള്‍. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം 4 മണിക്കൂര്‍ വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
 
സ്വന്തം പാര്‍ട്ടിയുടെ ശക്തിപ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യം വെച്ചത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും കൂടുതല്‍ ആളുകളെ എത്തിക്കാനുമായി വിജയ് റോഡ് ഷോ നടത്തി. അനുമതിയില്ലാതെ പലയിടത്തും റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങി. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാര്‍ട്ടി ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അവയെല്ലാം അവഗണിച്ചു.
 
 പരിപാടി വൈകിയാല്‍ ആളുകള്‍ അനിയന്ത്രിതമായി എത്തുന്ന സ്ഥിതിയുണ്ടാകുമെന്നും വിജയ് റോഡില്‍ ഇറങ്ങുന്നത് പ്രശ്നമാകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇത്രയേറെ മരണങ്ങള്‍ക്ക് ഇടയാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളതെങ്കിലും എഫ്ഐആറില്‍ താരത്തെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താരത്തെ തിടുക്കപ്പെട്ട് പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിക്കുമെന്നാണ് ഡിഎംകെ കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍