വിജയ്‌യുടെ തമിഴ് വെട്രി കഴകം കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 40 ഓളം പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് നടൻ ജോയ് മാത്യു. അധികാരത്തിനായുള്ള ഇത്തരം ആൾക്കൂട്ട പദാർശനങ്ങളുടെ ഇരകളാകുന്നത് കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യന്മാരുമാണെന്ന് ജോയ് മാത്യു ചൂണ്ടിക്കാട്ടുന്നു.
അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായോ യുദ്ധവിരുദ്ധ മുദ്രാവാക്യം ഉയർത്താനോ പട്ടിണി പരിഹരിക്കാനോ അഴിമതി പരിഹരിക്കാനോ അല്ല വിജയ് എന്ന നടനെ കാണാൻ വേണ്ടി മാത്രമാണ് ഇത്രയധികം ജീവനുകൾ പൊലിഞ്ഞതെന്ന് ജോയ് മാത്യു പറഞ്ഞു. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് വിജയ് എന്നും ജോയ് പറഞ്ഞു.
മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തീവണ്ടി ബോഗികൾക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവർ നിരവധി. എംജിആർ, ജയലളിത തുടങ്ങിയവരുടെ ശവസംസ്കാര നേരത്തും ഈ മാതിരി മരണാചാരങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. എന്നാൽ ഒരു താരത്തെക്കാണാനും കേൾക്കാനും വന്ന് തിക്കുതിരക്കുകളിൽപ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേർ ബലിയാടുകളാകുന്നത് ഇതാദ്യമാണെന്ന് ജോയ് മാത്യു അടിവരയിട്ട് പറയുന്നു.