സിനിമാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമായിരുന്നു കൈതി. കാർത്തി നായകനായ ചിത്രത്തിലൂടെ ലോകേഷ് കനകരാജ് എന്ന സംവിധായകനും ശ്രദ്ധേയനായി. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയാണ് നേടിയത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിന് തുടക്കമിട്ട സിനിമ കൂടിയാണ് കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതിരുന്നു.
ചിത്രം 2025 ൽ ഷൂട്ട് തുടങ്ങുമെന്നാണ് നേരത്തെ വന്നിരുന്ന വാർത്തകൾ. എന്നാൽ കൈതി 2 ഇനിയും വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ ആമിർ ഖാന്റെ പിറന്നാൾ ദിനത്തിൽ നടനോടൊപ്പമുള്ള ചിത്രം ലോകേഷ് കനകരാജ് പങ്കുവെച്ചിരുന്നു. 'താങ്കളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും അഭിനിവേശവും എനിക്ക് എക്കാലവും പ്രചോദനമാണ്. സ്‌ക്രീനില്‍ ഇനിയുമിനിയും മാജിക് സൃഷ്ടിക്കാനാകട്ടെ,' എന്നാണ് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലോകേഷ് എഴുതിയിരിക്കുന്നത്.
ഇതിന് പിന്നാലെയാണ് ആമിർ ഖാനുമൊത് ലോകേഷ് സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ ഉയർന്നത്. നേരത്തെ സൂര്യയെ നായകനാക്കി ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയായ 'ഇരുമ്പുകൈ മായാവി' ഇപ്പോൾ ആമിർ ഖാനെ നായകനാക്കി ഒരുക്കാനാണ് ലോകേഷിന്റെ പദ്ധതിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്.