ജി കൃഷ്ണമൂര്‍ത്തി ഫ്രം അമേരിക്ക, ന്യൂഡെല്‍ഹിയുടെ രണ്ടാം ഭാഗം!

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (19:19 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രമാണ് ന്യൂഡല്‍ഹിയിലെ ജി കൃഷ്ണമൂര്‍ത്തി. പരാജയങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിന്ന് മമ്മൂട്ടി എന്ന നടനെയും താരത്തെയും അമൂല്യമായ താരത്തിളക്കത്തിലേക്ക് ഉയര്‍ത്തിയ സിനിമ. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥ സംവിധാനം ചെയ്തത് ജോഷി.
 
ന്യൂഡല്‍ഹിക്ക് ഒരു രണ്ടാം ഭാഗം ആലോചിച്ചിരുന്നു ജോഷി. അമേരിക്കയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആലോചിച്ചത്. ഇതിനായി ജോഷിയും ഡെന്നിസ് ജോസഫും അമേരിക്ക സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നു.
 
‘സംഘം’ എന്ന സിനിമ മെഗാഹിറ്റായ സമയത്താണ് ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗത്തിനായുള്ള ആലോചന നടത്തിയത്. നിര്‍മ്മാതാവ് കെ ആര്‍ ജി ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ ഡെന്നിസ് ജോസഫിന് അഡ്വാന്‍സും നല്‍കിയിരുന്നു.
 
എന്നാല്‍ നമ്പര്‍ 20 മദ്രാസ് മെയിലിന്‍റെ തിരക്കഥ മറ്റൊരാളെ ഉപയോഗിച്ച് ജോഷി തിരുത്തി എന്ന കാരണത്താല്‍ ഡെന്നിസ് ജോസഫും ജോഷിയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത് അക്കാലത്താണ്. നായര്‍സാബിന്‍റെ തിരക്കഥയിലും ഡെന്നിസിന്‍റെ അനുമതിയില്ലാതെ ജോഷി മറ്റൊരാളെക്കൊണ്ട് ഇടപെടല്‍ നടന്നതായി ആരോപണമുയര്‍ന്നു. ഇതോടെ ജോഷിയും ഡെന്നിസും മാനസികമായി അകന്നു. ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം സംഭവിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article