ദേശീയ അവാര്‍ഡില്‍ മമ്മൂട്ടിയെ തഴഞ്ഞു, ‘അമുദവ’നെ ജൂറി കണ്ടില്ല; അവാര്‍ഡില്‍ മായമോ?

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (19:02 IST)
പതിവുപോലെ, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ദേശീയതലത്തില്‍ മികച്ച നടനുള്ള പുരസ്കാരത്തില്‍ ഇത്തവണയും തഴയപ്പെട്ടു. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ രണ്ടുപേര്‍ക്കാണ് - ഉറിയിലെ അഭിനയത്തിന് വിക്കി കൌശലിനും അന്ധാദൂനിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്കും. എന്നാല്‍ പേരന്‍‌പ് എന്ന ചിത്രത്തിലെ അമുദവന്‍ എന്ന കഥാപാത്രത്തിന് മുമ്പില്‍ നില്‍ക്കാന്‍ ശേഷിയുള്ളവയാണോ അവാര്‍ഡ് ലഭിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ജൂറി തയ്യാറായില്ല.
 
ഉറപ്പിച്ചുതന്നെ പറയാം, മമ്മൂട്ടിയുടെ അമുദവനേക്കാള്‍ മികച്ച കഥാപാത്രങ്ങളൊന്നും തന്നെ ഇത്തവണ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ദേശീയ അവാര്‍ഡ് നിര്‍ണയജൂറിയുടെ കണ്ണില്‍ അത് പെട്ടില്ല എന്നുമാത്രം. “മമ്മൂട്ടിക്ക് എന്തുകൊണ്ട് അവാര്‍ഡ് കിട്ടിയില്ല എന്നത് സംബന്ധിച്ചുള്ള ചര്‍ച്ച തീര്‍ത്തും വിഷയകേന്ദ്രീകൃതമാണ്” എന്നാണ് ജൂറി ചെയര്‍മാന്‍ രാഹുല്‍ റവൈല്‍ പ്രതികരിച്ചത്.
 
മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് പോലും വ്യക്തമായ മറുപടി ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ മറ്റ് പല താല്‍പ്പര്യങ്ങളും കടന്നുകൂടിയിരുന്നു എന്ന് ആരോപണമുയര്‍ന്നുവരുന്നതിന്‍റെ പുറത്ത് വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമെന്നത് തീര്‍ച്ചയാണ്. 
 
മികച്ച നടനുള്ള ദേശീയ പുരസ്കാരം പലതവണ നേടിയിട്ടുള്ള നടനാണ് മമ്മൂട്ടി. ആ കാരണം പറഞ്ഞ് അര്‍ഹതപ്പെട്ട ഒരു പുരസ്കാരം അദ്ദേഹത്തിന് നിഷേധിക്കേണ്ടതില്ല. ആരൊക്കെ തഴഞ്ഞാലും രാജ്യത്തെ പ്രേക്ഷകരുടെ മനസില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ മമ്മൂട്ടി തന്നെയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article