മലയാള സിനിമയിൽ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ഥാനം മുൻനിരയിലാണ്. ഒട്ടുമിക്ക യുവതാരങ്ങളും ഇക്കാര്യത്തിൽ മമ്മൂട്ടിയെ ആണ് മാതൃകയാക്കുന്നത്. യുവതാരം വിനയ് ഫോർട്ടിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ഫിറ്റ്നസിന്റെ കാര്യത്തിൽ മമ്മൂക്കയാണ് തന്റെ റോൾ മോഡലെന്ന് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറയുന്നു.
മംഗ്ലീഷിൽ മമ്മൂട്ടിക്കൊപ്പം വിനയ് ഫോർട്ടും അഭിനയിച്ചിരുന്നു. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് മമ്മുക്ക വർക്കൗട്ട് ചെയ്യുമെന്ന് കേട്ടപ്പോൾ ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് തന്റെ കണ്ണ് തുറപ്പിച്ചത്. വിനയ് പ്രാർഥിക്കാറുണ്ടോയെന്ന് മമ്മൂക്ക ചോദിച്ചു. എന്നാൽ ഫിറ്റ്നസും പ്രാർഥന പോലെയാണ്. ഒരിക്കലും ഒഴിവാക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി ഫിറ്റ്നസിലും ഡയറ്റിലുമുള്ള മമ്മുക്കയുടെ നിഷ്ഠ എല്ലാ നടന്മാർക്കും മാതൃകയാണെന്ന് വിനയ് പറയുന്നു.