ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ നിന്ന് സുരേഷ് ഗോപി പിന്മാറിയതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ സുരേഷ് ഗോപി എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മറ്റു ചില പ്രൊജക്ടുകളും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള ജോലിത്തിരക്കുകളും കാരണം സുരേഷ് ഗോപി ഈ സിനിമയില്‍ നിന്ന് പിന്മാറിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
സുരേഷ് ഗോപിക്കു പകരം മോഹന്‍ലാല്‍ ആയിരിക്കും 'ഭ.ഭ.ബ'യിലെ കാമിയോ റോള്‍ ചെയ്യുക. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിനു ശേഷം മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
'ഭ.ഭ.ബ'യില്‍ മലയാളത്തില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം കാമിയോ റോളില്‍ ഉണ്ടാകുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍ ആണ് നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ അത് ആരായിരിക്കുമെന്ന് ധ്യാന്‍ പറഞ്ഞിട്ടില്ല. ' നമ്മുടെ നാട്ടില്‍ നിന്ന് തന്നെയുള്ള വലിയൊരു ആള്‍ ഈ സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭ.ഭ.ബ 2 സീക്വല്‍ പോലെയൊക്കെ പ്ലാനിങ് ഉണ്ട്. ഫസ്റ്റ് പാര്‍ട്ട് നന്നായാല്‍ സെക്കന്റ് പാര്‍ട്ട് വരാന്‍ സാധ്യതയുണ്ട്,' എന്നായിരുന്നു ധ്യാനിന്റെ വാക്കുകള്‍.