രജനികാന്ത് ഇപ്പോഴും കാത്തിരിക്കുന്നു, അവൾക്കായി; നിമ്മി എവിടെ?

നിഹാരിക കെ എസ്

വ്യാഴം, 12 ഡിസം‌ബര്‍ 2024 (14:20 IST)
ഇന്ന് തലൈവർക്ക് പിറന്നാൾ ആണ്. 74 ന്റെ നിറവിലും യുവാക്കളെ ഹരം കൊള്ളിക്കുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം രജനികാന്തിൽ ഇപ്പോഴുമുണ്ട്. ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനം നിറഞ്ഞതായിരുന്നു. ഒന്നും എളുപ്പമായിരുന്നില്ല. കടന്നുവന്ന വഴികളൊന്നും അദ്ദേഹം മറന്നിട്ടുമില്ല. ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്. സിനിമയിൽ എത്തിയ ശേഷമാണ് രജനികാന്ത് ആയത്.
 
പകൽ സമയത്ത് ബസ് കണ്ടക്ടർ ആയിട്ടായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ശിവാജി ജോലി ചെയ്തിരുന്ന ബസില്‍ പതിവായി കയറിയിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. നാടകത്തിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയമായിരുന്നു. ആ സമയം പെൺകുട്ടിയുമായി ശിവാജി സൗഹൃദത്തിലായി. തന്റെ നാടകം കാണാൻ ശിവാജി അവരെ ക്ഷണിച്ചു. നാടകം കണ്ട പെൺകുട്ടി അമ്പരന്നു പോയി. 
 
അഭിനയത്തിൽ നല്ല ഭാവിയുണ്ടെന്നും അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിക്കണമെന്നും പെണ്‍കുട്ടി ഉപദേശിച്ചു. ആഗ്രഹമുണ്ടാക്കിയിട്ടും അതിനുള്ള പണമൊന്നും തന്റെ കയ്യിൽ ഇല്ലാത്തതിനാൽ ശിവാജി ചിരിച്ച് തള്ളി. പെണ്‍കുട്ടി വീണ്ടും തന്റെ അഭിപ്രായം ആവര്‍ത്തിച്ചു. ഉളള ജോലി കളഞ്ഞ് പഠിക്കാനിറങ്ങിയാല്‍ ജീവിക്കാനുളള പണം ആര് തരും? ഫീസിനുള്ള പണം ആര് തരും? എന്ന് ശിവാജി ചോദിച്ചു. താന്‍ തരുമെന്ന് അവള്‍ സംശയലേശമെന്യേ പറഞ്ഞപ്പോള്‍ ശിവാജി ഒന്ന് അമ്പരന്നു. 
 
അവൾ വെറുതെ പറഞ്ഞതായിരുന്നില്ല. ആദ്യ ഗഡുവായ 500 രൂപ അവള്‍ കൊടുത്തു എന്നു മാത്രമല്ല അവള്‍ തന്നെ അഡ്മിഷനുളള ഫോം വാങ്ങി പൂരിപ്പിച്ച് അയക്കുകയും ചെയ്തു. 'നിങ്ങള്‍ ലോകമറിയുന്ന നടനാവും. നിങ്ങളൂടെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉയരും. എന്റെ വലിയ മോഹമാണത്. അന്ന് നാടകം കണ്ടപ്പോള്‍ എനിക്കത് ഉറപ്പായി!' എന്ന് അവൾ പ്രതീക്ഷയോടെ പറഞ്ഞു.
 
അഡയാറില്‍ നിന്നും ശിവാജിക്ക് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. അഡ്മിഷൻ കിട്ടി. അന്ന് ശിവാജിക്ക് ഇടക്കിടെ മണിയോര്‍ഡറുകള്‍ വരും. കൂട്ടുകാരി അയച്ചു കൊടുക്കുന്ന പണം എല്ലാ കാര്യങ്ങള്‍ക്കും തികയുമായിരുന്നില്ല. അവളെ കൂടാതെ, ബസിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ശിവാജിക്ക് പണം അയക്കുമായിരുന്നു. പിന്നീട് വലിയ നടനായി മാറിയ ശേഷം നിർമ്മല എന്ന പെൺകുട്ടിയെ അദ്ദേഹം അന്വേഷിച്ചെങ്കിലും ഒരിക്കൽ പോലും കണ്ടില്ല.
 
ഒരുപക്ഷെ, അവളെയും കൂട്ടി അവളുടെ മാതാപിതാക്കൾ അന്യദേശത്തേക്ക് പാലായനം ചെയ്തിട്ടുണ്ടാകാം. 'അമേരിക്കയിലോ ജപ്പാനിലോ ലോകത്തിന്റെ ഏതു കോണില്‍ പോയാലും അവിടെയൊക്കെ ഞാന്‍ തിരയാറുണ്ട്. ഈ ആള്‍ക്കൂട്ടത്തിൽ എവിടെയെങ്കിലും നിമ്മിയുണ്ടോ? ഉണ്ടോ? പക്ഷെ ഒരിക്കലും കണ്ടെത്താനായില്ല' എന്ന് നടൻ ദേവനോട് രജനികാന്ത് പറഞ്ഞിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍