അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് പോളണ്ട്. റഷ്യന്‍ ഡ്രോണുകള്‍ തങ്ങളുടെ വ്യോമ അതിര്‍ത്തി ലംഘിച്ചതായും അതിനാല്‍ തന്നെ ഡ്രോണുകളെ വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു. പിന്നാലെ പോളണ്ടില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തലസ്ഥാനമായ വാഴ്‌സയിലെ 2 വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്നാലെ സൈനിക മുന്നൊരുക്കങ്ങള്‍ നടത്തിയതായും പോളണ്ട് വ്യക്തമാക്കി. എല്ലാവരും വീടുകളില്‍ തുടരണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു. അതേസമയം ഖത്തര്‍ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒക്ടോബര്‍ 7 ഇസ്രയേല്‍ ഒരിക്കലും മറക്കില്ലെന്നും ഖത്തറില്‍ തങ്ങള്‍ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഖത്തറിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നേരത്തെ തന്നെ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ദോഹയിലെ ഇസ്രയേല്‍ ആക്രമണം ഒക്ടോബര്‍ 7 ലെ ആക്രമണത്തിന്റെ തിരിച്ചടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെയാണ് ഇസ്രയേല്‍ ആക്രമണത്തിലൂടെ തിരിച്ചടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.