World Suicide Prevention Day:കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്മാര്‍, 10 വര്‍ഷത്തിനിടെ 28.6 ശതമാനത്തിന്റെ വര്‍ധന

അഭിറാം മനോഹർ

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (16:26 IST)
World Suicide Prevention Day
സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളെ ആസ്പദമാക്കിയുള്ള പഠനം. എരഞ്ഞിപ്പാലം തണല്‍ ആത്മഹത്യാപ്രതിരോധ കേന്ദ്രമാണ് പഠനം നടത്തിയത്. 2024ല്‍ സംസ്ഥാനത്ത് 8865 പുരുഷന്മാര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 1999 സ്ത്രീകളാണ് ജീവിതം അവസാനിപ്പിച്ചത്. 82 ശതമാനമാണ് പുരുഷ ആത്മഹത്യാനിരക്ക്. ഇതില്‍ 15 വയസിന് താഴെയുള്ള 54 കുട്ടികളും ഉള്‍പ്പെടുന്നു.
 
2014ല്‍ 8446 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2024ല്‍ അത് 10,865 ആയി ഉയര്‍ന്നു. 10 വര്‍ഷത്തിനിടെ 28.6 ശതമാനമാണ് വര്‍ധനവ്. 30-60 വയസിനിടയിലാണ് 53 ശതമാനം ആത്മഹത്യകളും. 30-45 പ്രായത്തില്‍ 2676 പേരും 46-59 പ്രായത്തിലുള്ള 3081 പേരും ജീവിതം അവസാനിപ്പിച്ചു. 15-29 പ്രായത്തിനിടയില്‍ 2012 പേരാണ് ആത്മഹത്യ ചെയ്തത്.വിവാഹിതരാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും. 76.1 ശതമാനമാണ് വിവാഹിതരായവരുടെ ആത്മഹത്യാ കണക്ക്.
 
മരിച്ചവരില്‍ നിരക്ഷരര്‍ 1.3 ശതമാനവും ഹൈസ്‌കൂള്‍- പ്ലസ് ടു വിദ്യഭ്യാസമുള്ളവര്‍ 57 ശതമാനവുമാണ്. 38.8 ശതമാനവും ദിവസവേതനക്കാരാണ്. കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്ത 9 സംഭവങ്ങളുണ്ടായി. ആത്മഹത്യ കണക്കില്‍ കൂടുതല്‍ പുരുഷന്മാരാണെങ്കിലും ആത്മഹത്യ ശ്രമം കൂടുതല്‍ സ്ത്രീകള്‍ക്കിടയിലാണ്. 3 സ്ത്രീകള്‍ ശ്രമം നടത്തുമ്പോള്‍ ഒരു പുരുഷനാണ് അത്തരം ശ്രമം നടത്തുന്നത്.
 
കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പ്രധാനകാരണം(54%), മാനസിക- ശാരീരിക പ്രശ്‌നങ്ങള്‍ (18.7%), ലഹരി(10.2%), സാമ്പത്തികം (3.6%), പ്രണയം(2-7%), തൊഴില്‍(1-5%), തൊഴിലില്ലായ്മ(0.9%), പരീക്ഷയിലെ തോല്‍വി(.5%). ജില്ലതിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരത്താണ് കൂടുതല്‍ ആത്മഹത്യകള്‍. വയനാടാണ് കുറവ് ആത്മത്യകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍