Divorce: ചൂഷണത്തേക്കാൾ നല്ലത് മോചനമാണെന്ന് നമ്മുടെ മാതാപിതാക്കൾ എന്ന് മനസിലാക്കും, വിവാഹമോചനങ്ങൾ നോർമലൈസ് ചെയ്തെ മതിയാകു

അഭിറാം മനോഹർ

ഞായര്‍, 20 ജൂലൈ 2025 (10:03 IST)
സമൂഹത്തില്‍ ദിനം പ്രതി നമ്മുടെ പെണ്‍മക്കള്‍ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും പീഡനത്തില്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. കേരളത്തിന് വെളിയിലും ആത്മഹത്യ കേസുകളില്‍ കുടുങ്ങുന്നത് മലയാളി കുടുംബങ്ങള്‍ തന്നെ. ഷാര്‍ജയില്‍ ഇന്നലെയുണ്ടായ അതുല്യയുടെ ആത്മഹത്യ, അതിന് മുന്‍പായി വിപഞ്ചിക എല്ലാം തന്നെ മലയാളി പെണ്‍കുട്ടികള്‍. എവിടെയാണ് ഒരു സമൂഹമെന്ന നിലയില്‍ അല്ലെങ്കില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് കരുതല്‍ നല്‍കാന്‍ കഴിയേണ്ട മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് പിഴച്ചത് എന്ന വിഷയത്തില്‍ നമ്മള്‍ ശ്രദ്ധ നല്‍കിയേ മതിയാകു.
 
ഭര്‍തൃവീട്ടിലേക്ക് പെണ്‍മക്കളെ കെട്ടിച്ച് വിടുക എന്ന പ്രയോഗത്തില്‍ നിന്ന് തന്നെ തുടരുന്നു പെണ്‍മക്കളെ സ്വന്തം വീട്ടില്‍ നിന്നും അന്യം നിര്‍ത്തുന്ന ഈ പ്രവണത. ചെറുപ്പത്തിലെ മറ്റൊരു വീട്ടിലേക്ക് പോവേണ്ടവളാണ് നീ എന്ന് ദിവസവും പറഞ്ഞുകൊണ്ട് പെണ്മക്കളില്‍ ബോധപൂര്‍വമല്ലാതെ തന്നെ അപരവത്കരിക്കുന്നതില്‍ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കുമുള്ള പങ്ക് വിസ്മരിക്കാനാകില്ല. അറേഞ്ച്ഡ് മാരേജ് എന്ന സിസ്റ്റത്തില്‍ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടി വിവാഹശേഷം ജീവിക്കേണ്ടത് പുതിയ ചുറ്റുപാടുകളിലാണ്. ആ സമയത്ത് സ്വന്തം വീടെന്ന സുരക്ഷിതത്വം കൂടി ഇല്ലാതെയാക്കുകയാണ് പല മാതാപിതാക്കളും ഈ വാക്കുകള്‍ കൊണ്ട് ചെയ്യുന്നത്. വിവാഹമോചനമെന്നാല്‍ കൊടിയ പാപമെന്ന് ധാരണ സമൂഹം വെച്ച് പുലര്‍ത്തുമ്പോല്‍ ഭര്‍തൃവീട്ടില്‍ നേരിടുന്ന പല പീഡനങ്ങളോടും ജീവിതം അങ്ങനെയാണ് മോളെ അഡ്ജസ്റ്റ് ചെയ്യു എന്നാണ് സമൂഹത്തെ ഭയന്ന് പല മാതാപിതാക്കളും പറയാറുള്ളത്. എത്ര തവണ തിരികെ വീട്ടില്‍ വന്നാലും നീ അവനോടൊപ്പം പോകു കാര്യങ്ങള്‍ നേരെയാകും എന്ന് പറയുന്ന എത്രയെത്ര മാതാപിതാക്കള്‍. സമൂഹത്തെ ഭയന്ന് ഇവരെല്ലാം ഇല്ലാതെയാക്കുന്നത് ഈ പെണ്മക്കള്‍ക്ക് തിരികെ പോകാന്‍ കഴിയുന്ന സുരക്ഷിതമായ ഒരിടത്തേയാണ്.
 
സ്ത്രീധനത്തിന്റെ പേരില്‍ അല്ലെങ്കില്‍ വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട ഒരാളാണ് ഭാര്യയെന്ന ധാരണയില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ പെരുകുമ്പോള്‍ ചൂഷണത്തേക്കാള്‍ നല്ലത് മോചനമാണെന്ന് ഇന്നും നമ്മുടെ മാതാപിതാക്കള്‍ക്ക് ബോധ്യമില്ല. ഒരു മുളം കയറിലോ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ സ്വന്തം ജീവന്‍ മക്കള്‍ അവസാനിപ്പിക്കുന്നത് വരെയും വിവാഹമോചനം ചെയ്യുന്നത് തെറ്റെന്ന് മക്കളെ ബോധ്യപ്പെടുത്തുന്നവര്‍ സത്യത്തില്‍ മക്കളെ സ്‌നേഹിക്കുന്നവരല്ല, സമൂഹത്തെ ഭയക്കുന്നവര്‍ മാത്രമാണ്. തെറ്റായ ബന്ധത്തിലേക്ക് തള്ളിവിട്ട് മകളെ പ്രയാസപ്പെടുത്തി എന്ന് ബോധ്യപ്പെട്ടാന്‍ അവരെ തിരികെ സ്‌നേഹത്തോടെ തിരിച്ചുവിളിക്കാന്‍ ഇനി എന്നാണ് പേരന്‍്‌സിന് സാധിക്കുക. വിവാഹമോചനമായാല്‍ ജീവിതം അവസാനിച്ചിട്ടില്ലെന്ന ധൈര്യം നല്‍കാന്‍ എന്നാണ് പേരന്‍സ് പഠിക്കുക. സമൂഹത്തില്‍ ഡിവോഴ്‌സ് ആയവള്‍ എന്നാല്‍ തെറ്റ് ചെയ്തവള്‍ അല്ല അപമാനകരമായ ഒന്നല്ല അത് എന്ന വെളിച്ചത്തിലേക്ക് സമൂഹം എന്നാണ് മാറുക. വിവാഹബന്ധം സംരക്ഷിക്കുന്നതാണോ ഒരു ജീവന്‍ സംരക്ഷിക്കുന്നതാണോ വലുത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒത്തുപോകാത്ത വീടുകളിലെ കുട്ടികളെ മാനസികാരോഗ്യത്തെ പറ്റി സമൂഹം എന്നാണ് ചിന്തിക്കുക. ആത്മഹത്യകളാണോ മോശം ബന്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. സമൂഹം മാറിചിന്തിക്കേണ്ടിയിരിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍