നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 19 ജൂലൈ 2025 (16:47 IST)
നിപ്പ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് 15 കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ 15കാരിയെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പരിശോധന ഫലം വരുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 
അതേസമയം നിപ്പയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് അടുത്തതായി നാലു നിപ്പാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നും പാലക്കാടാണ് സ്ഥിരീകരിച്ചത്.
 
നിലവില്‍ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 9 പേര്‍ ഐസൊലേഷനില്‍ കഴിയുന്നു. ജില്ലയിലാകെ 385 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 178 പേര്‍  തച്ചനാട്ടുകര സ്വദേശിനിയുടേതും 207 പേര്‍ കുമരംപുത്തൂര്‍ സ്വദേശിയുടേതുമാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്ന് 1568 വീടുകളില്‍ ഭവന സന്ദര്‍ശനം നടത്തി പനി സര്‍വ്വേ പൂര്‍ത്തീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍