സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി കുത്തി മറിയാമ്മ ഉമ്മന്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ (വീഡിയോ)

രേണുക വേണു

ശനി, 19 ജൂലൈ 2025 (14:53 IST)
Mariyama Oommen and Chandy Oommen

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളാണെന്ന പരോക്ഷ പരാമര്‍ശവുമായി മറിയാമ്മ ഉമ്മന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ടെനി ജോപ്പനെ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റ് ഉമ്മന്‍ചാണ്ടി അറിയാതെയാണ് നടന്നതെന്ന് മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജോണ്‍ മുണ്ടക്കയം എഴുതിയ 'സോളാര്‍ വിശേഷം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മറിയാമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 
 
' സോളാര്‍ ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തൊരു വിഷയമാ. ആരെങ്കിലും ആശ്വസിപ്പിക്കാന്‍ വരുമോയെന്ന് നോക്കികൊണ്ടിരുന്നു. ആരും വന്നില്ല. യുഎന്‍ അവാര്‍ഡ് വാങ്ങിച്ച് ബഹ്‌റിനില്‍ ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സമയം, ഞെട്ടിപ്പോയി. അപ്പോഴാണ് ജോപ്പനെ അറസ്റ്റ് ചെയ്ത വിവരം ഉമ്മന്‍ചാണ്ടി ചാനലുകളിലൂടെ അറിയുന്നത്,' മറിയാമ്മ പറഞ്ഞു. 
 
' വല്ലവനും സഹതാപത്തിനു വരുമെന്ന് കരുതി, ആരെയും കണ്ടില്ല. ഞാന്‍ ഉമ്മന്‍ചാണ്ടിയോടു ചോദിച്ച ഒരു ചോദ്യമാണ്, അദ്ദേഹത്തിനു അത് വിഷമമായി പോയെന്നു എനിക്ക് തോന്നുന്നുണ്ട്. 'കുഞ്ഞേ, കുഞ്ഞിനു ഒത്തിരി വ്യക്തിബന്ധങ്ങളുണ്ടല്ലോ സകല മേഖലയിലും, ആരും സപ്പോര്‍ട്ട് ചെയ്യാന്‍ വന്നില്ലല്ലോ' എന്ന്. ഉമ്മന്‍ചാണ്ടിക്ക് ഏതെങ്കിലും പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്ന് പറയുന്നതിലും ഭേദം ഞാനൊരു അബദ്ധസഞ്ചാരം നടത്തിയെന്ന് പറയുന്നതാണ്. ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ തകര്‍ത്തുകളഞ്ഞു. ഏതെങ്കിലും ഒരു മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടോ?,' മറിയാമ്മ ഉമ്മന്‍ ചോദിക്കുന്നു. 
പ്രസംഗത്തിനിടെ മകന്‍ ചാണ്ടി ഉമ്മന്‍ മറിയാമ്മയോടു പ്രസംഗം നിര്‍ത്താന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്. വി.ഡി.സതീശന്‍, ശശി തരൂര്‍, എം.എം.ഹസന്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് മറിയാമ്മ ഉമ്മന്‍ വൈകാരികമായി പ്രസംഗിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍