ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

രേണുക വേണു

ശനി, 19 ജൂലൈ 2025 (17:51 IST)
Onam 2025

ഈ വര്‍ഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. മുപ്പതിലധികം വേദികളിലായി സംഘടിപ്പിക്കുന്ന മേളയ്ക്ക് സെപ്റ്റംബര്‍ മൂന്നിനു തുടക്കമാകും. ഓണം വാരാഘോഷം സെപ്റ്റംബര്‍ ഒന്‍പതിനു ഘോഷയാത്രയോടെ സമാപിക്കും. 
 
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ ഘോഷയാത്രയ്ക്ക് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന ഫ്‌ളോട്ടുകള്‍ അണിനിരക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി മന്ത്രിമാരും മുന്‍മന്ത്രിമാരും അദ്ധ്യക്ഷന്മാരായി സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സബ് കമ്മിറ്റികളുടെ ആദ്യയോഗം ജൂലായ് 28 നു നടക്കും. വേദികള്‍ ജൂലായ് 31 നു മുമ്പ് തീരുമാനിക്കും. കലാപരിപാടികളുടെ അപേക്ഷകള്‍ ജൂലായ് 21 മുതല്‍ 31 വരെയാകും സ്വീകരിക്കുക.
 
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 
തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയില്‍ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികള്‍ നടത്തുക.
 
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാ, സിഡിഎസ്, എ.ഡി.എസ് തലങ്ങളില്‍ ഓണം മേളകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിന്റെ വിളവെടുപ്പ് ഓണത്തിന് മുമ്പ് നടത്തും. 
 
ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓണ്‍ലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകള്‍ ജില്ലാ, താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും. സാംസ്‌കാരിക മേഖലയിലെ സ്ഥാപനങ്ങള്‍ മുഖേന കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയില്‍ വള്ളങ്ങള്‍ ഉള്‍പ്പെടുത്തി ആളുകളെ ആകര്‍ഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍