Darshan: 'ദുർഗന്ധമുള്ള വസ്ത്രം, ജയിലിൽ ജീവിക്കാൻ വയ്യ; എനിക്കൽപ്പം വിഷം തരൂ'; കോടതിയോട് ദർശൻ

നിഹാരിക കെ.എസ്

ബുധന്‍, 10 സെപ്‌റ്റംബര്‍ 2025 (11:18 IST)
രേണുകസ്വാമി വധക്കേസിലെ പ്രതി നടൻ ദർശൻ ഇപ്പോൾ ജയിലിലാണ്. കോടതിയോട് വിഷം ആവശ്യപ്പെട്ട് വീണ്ടും വാർത്താതലക്കെട്ട് ആവുകയാണ് ദർശൻ. ദർശൻ ജയിലിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കോടതിയോട് വിഷം ചോദിച്ചത്. വീഡിയോ കോൺഫറൻസിലൂടെ കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ദർശന്റെ അഭ്യർത്ഥന. 
 
എന്നാൽ നടന്റെ ആവശ്യം കോടതി തള്ളി. വിഷം നൽകാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി. കൈകളിൽ പൂപ്പൽ വന്നു. വസ്ത്രങ്ങളെല്ലാം ദുർഗന്ധമാണെന്നും ഇങ്ങനെ ജീവിക്കാൻ കഴിയില്ലെന്നുമാണ് ദർശൻ കോടതിയോട് പറഞ്ഞത്. ദയവായി എനിക്ക് വിഷം തരൂ, ഇവിടെ ജീവിതം അവസഹനീയമായിരിക്കുന്നു എന്നാണ് താരം കോടതിയോട് അഭ്യർത്ഥിച്ചത്.
 
എന്നാൽ കോടതിയോട് ഇത്തരം അപേക്ഷകൾ പാടില്ലെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കോടതിയ്ക്ക് സാധിക്കില്ലെന്നും ജഡ്ജി മറുപടി നൽകി. ഇതോടെ നടൻ മൗനത്തിലാണ്.
 
അതേസമയം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനായി കേസ് സെപ്തംബർ 19 ലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് ദർശന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. ചിത്രദുർഗ്ഗ സ്വദേശിയായ രേണുക സ്വാമിയെന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു രേണുകസ്വാമിയെ കൊലപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍