ദോഹയിലെ ഇസ്രായേൽ ആക്രമണം, അപലപിച്ച് ഖത്തർ, പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് നെതന്യാഹു

അഭിറാം മനോഹർ

ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (20:55 IST)
ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയില്‍ നിരവധി അംഗങ്ങള്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയം ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ ഭീരുത്വമായ നടപടിയെന്നാണ് ഖത്തര്‍ വിദേശകാര്യമന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്.
 
 ഈ ക്രിമിനല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തിയതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഈ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നതോടൊപ്പം ഇസ്രായേലിന്റെ ഈ വിവേകശൂന്യമായ പ്രവര്‍ത്തനത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.
 
ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ഇസ്രായേല്‍ ഖത്തറിന്റെ പേര് പറയാതെയാണ് പ്രതികരണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഇസ്രായേല്‍ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഹമാസിന്റെ ഉന്നത ഭീകര നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണ്ണമായും സ്വതന്ത്ര ഇസ്രായേലി സൈനിക നടപടിയായിരുന്നു. ഇത് നടത്തിയത് ഇസ്രായേലാണ്. അതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുന്നു. നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
 
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതിയോട് കൂടിയാണ് ഖത്തറില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. 2 ദിവസം മുന്‍പ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.അവസാന മുന്നറിയിപ്പാണെന്നും ആക്രമണമുണ്ടാകുമെന്നുമാണ് ഹമാസ് നേതാക്കളെ ട്രംപ് അറിയിച്ചത്. അതേസമയം ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഇതാദ്യമായാണ് ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍