Vettaiyan OTT Release Date: രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത 'വേട്ടയ്യന്‍' ഒടിടിയിലേക്ക്. തിയറ്റര്‍ റിലീസില്‍ പ്രതീക്ഷിച്ച പോലെ വിജയമാകാന്‍ സാധിക്കാത്തതാണ് രജനി ചിത്രം അതിവേഗം ഒടിടിയില്‍ എത്താന്‍ കാരണം. ഒക്ടോബര്‍ 10 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. തിയറ്ററിലെത്തി കൃത്യം ഒരു മാസമാകുമ്പോള്‍ വേട്ടയ്യന്‍ ഒടിടിയിലും എത്തും. നവംബര്‍ രണ്ടാം വാരമായിരിക്കും വേട്ടയ്യന്റെ ഒടിടി റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സംപ്രേഷണം ചെയ്യുക.
ഇന്നലെ (ഒക്ടോബര്‍ 23) വരെയുള്ള കണക്കുകള്‍ പ്രകാരം വേട്ടയ്യന്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത് 140 കോടിയാണ്. റിലീസ് ചെയ്തു 14-ാം ദിവസമായ ഇന്നലെ 1.65 കോടി കളക്ട് ചെയ്‌തെന്നാണ് കണക്കുകള്‍. വേള്‍ഡ് വൈഡായി 240 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. തമിഴ്‌നാട്ടില്‍ അടക്കം തണുപ്പന്‍ പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇതാണ് ബോക്‌സ്ഓഫീസ് കളക്ഷന്‍ ഇടിയാന്‍ കാരണം.
രജനിക്കൊപ്പം അമിതാഭ് ബച്ചനും വേട്ടയ്യനില്‍ അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും ഹിന്ദി പതിപ്പിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലയാളത്തില്‍ നിന്ന് മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും വേട്ടയ്യനില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. പൊലീസ് വേഷത്തിലാണ് രജനി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പൊലീസ് എന്‍കൗണ്ടറാണ് സിനിമയിലെ പ്രധാന പ്രമേയം.