ചോദിച്ചത് രണ്ട് കോടി, കൊടുത്തത് 60 ലക്ഷം; മഞ്ഞുമ്മല്‍ ടീം ഇളയരാജ വിഷയം ഒതുക്കി തീര്‍ത്തത് ഇങ്ങനെ

രേണുക വേണു
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (09:50 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ 'കണ്‍മണി അന്‍പോട്' ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ കേസ് ഒത്തുത്തീര്‍പ്പായെന്ന് റിപ്പോര്‍ട്ട്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇളയരാജ നിയമ പോരാട്ടം നടത്തിയത്. കോടതി നടപടികള്‍ നടക്കുന്നതിനിടെ കേസ് ഒത്തുത്തീര്‍പ്പാക്കുകയായിരുന്നു. കോടതിക്ക് പുറത്തുവെച്ച് നടന്ന ഒത്തുത്തീര്‍പ്പ് ചര്‍ച്ചയില്‍ ഇളയരാജയ്ക്കു 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്‌നം പരിഹരിച്ചു എന്നാണ് വാര്‍ത്തകള്‍. 
 
തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചെന്നാണ് ഇളയരാജ ആരോപിച്ചത്. കമല്‍ഹാസന്‍ നായകനായ 'ഗുണ' സിനിമയില്‍ ഇളയരാജ ചെയ്ത ഗാനമാണ് ഇത്. 'ഗുണ' സിനിമയുടെ നിര്‍മാതാക്കളുടെ അനുമതിയോടെയാണ് ഗാനം ഉപയോഗിച്ചതെന്ന് മഞ്ഞുമ്മല്‍ ടീം ന്യായീകരിച്ചിരുന്നു. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ഇളയരാജ തീരുമാനിക്കുകയായിരുന്നു. 
 
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു കഥാപാത്രമെന്ന വിധമാണ് 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്. സിനിമയെ പോലെ പാട്ടും വന്‍ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെയാണ് ഇളയരാജ മഞ്ഞുമ്മല്‍ ടീമിനെതിരെ നിയമനടപടി ആരംഭിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article