ഇനി വരാനിരിക്കുന്നത് 10 ചിത്രങ്ങൾ, ദശാവതാരത്തിനൊരുങ്ങി മമ്മൂട്ടി!

Webdunia
വ്യാഴം, 10 മെയ് 2018 (14:20 IST)
വമ്പന്‍ പദ്ധതികളാണ് 2018ല്‍ മമ്മൂട്ടിക്കുള്ളതെന്ന് വർഷം പകുതിയോടെ തന്നെ വ്യക്തമായിരിക്കുകയാണ്. ആദ്യ റിലീസ് ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആയിരുന്നു. ഒരു ഡാര്‍ക്ക് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തത് ഷാംദത്ത് ആയിരുന്നു. അമിത പ്രതീക്ഷകളൊന്നുമില്ലാതെ വന്ന ചിത്രം പക്ഷേ, കാര്യമായ പ്രകടനമല്ല ബോക്സോഫീസിൽ കാഴ്ച വെച്ചത്.
 
ശേഷം ഇറങ്ങിയ പരോൾ സമ്മിശ്ര പ്രതികരണവുമായി മുന്നേറി. എന്നാൽ, മൂന്നാമത്തെ വരവ് വെറുതെയായില്ലെന്ന് തെളിയിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അങ്കിൾ മികച്ച പ്രതികരണവുമായി ഇപ്പോഴും മുന്നേറുന്നു.  
 
അടുത്തതായി ഒരു തമിഴ് ചിത്രമായിരിക്കും മമ്മൂട്ടിയുടേതായി എത്തുക എന്നാണ് സൂചന. ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ‘പേരന്‍‌പ്’ ആണ് ആ സിനിമ. ഗംഭീര കഥാപാത്രമാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.
  
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന ‘അബ്രഹാമിന്‍റെ സന്തതികള്‍’ ആണ് മറ്റൊരു വമ്പന്‍ പ്രൊജക്ട്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
 
‘മാമാങ്കം’ എന്ന ബ്രഹ്മാണ്ഡചിത്രവും മെഗാസ്റ്റാറിന്‍റെതായി 2018ല്‍ സംഭവിക്കും. നവാഗതനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്.
 
2018ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചില മമ്മൂട്ടിച്ചിത്രങ്ങള്‍ - കുഞ്ഞാലി മരയ്ക്കാര്‍ (സംവിധാനം: സന്തോഷ് ശിവന്‍), ഉണ്ട (സംവിധാനം: ഖാലിദ് റഹ്‌മാന്‍), ബിലാല്‍ (സംവിധാനം: അമല്‍ നീരദ്), രാജ 2 (സംവിധാനം: വൈശാഖ്), കുട്ടനാടന്‍ ബ്ലോഗ് (സംവിധാനം: സേതു), ബേസില്‍ ജോസഫ് ചിത്രം, സി ബി ഐ 5 (സംവിധാനം - കെ മധു), സന്തോഷ് വിശ്വനാഥ് ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Next Article