Mammootty: സോഷ്യല്‍ മീഡിയയില്‍ വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക്. ജിതിന്‍ കെ ജോസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ നാഗര്‍കോവിലില്‍ എത്തിയതാണ് മമ്മൂട്ടിയെന്നാണ് വിവരം. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഡെവിളിഷ് നോട്ടമെന്നാണ് ഈ ചിത്രങ്ങള്‍ക്കു താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകന്റെ വില്ലനായാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിനായകന്‍ പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നതെന്നും മമ്മൂട്ടിയുടേത് ഞെട്ടിക്കുന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.