മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബജറ്റ് സിനിമയെ കുറിച്ചുള്ള ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു ശേഷമായിരിക്കും മഹേഷ് നാരായണന്‍ - മമ്മൂട്ടി പ്രൊജക്ട് ആരംഭിക്കുക. ഏകദേശം നൂറ് ദിവസത്തോളം ചിത്രീകരണം ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ മെഗാസ്റ്റാറിന്റെ 'എംപുരാന്‍' ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഈ ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഏകദേശം 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. സുരേഷ് ഗോപിയെ കൊണ്ട് ചെയ്യാന്‍ തീരുമാനിച്ച കഥാപാത്രമാണ് പിന്നീട് മോഹന്‍ലാലിലേക്ക് എത്തിയതെന്നാണ് വിവരം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കേരളം, ശ്രീലങ്ക, ഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളിലാണ്. അതില്‍ തന്നെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ശ്രീലങ്കയില്‍ ആയിരിക്കും ചിത്രീകരിക്കുകയെന്നാണ് വിവരം. 30 ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയില്‍ നടക്കുക.
മമ്മൂട്ടി കമ്പനി, ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് എന്നിവയ്‌ക്കൊപ്പം ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മിക്കുകയെന്നാണ് വിവരം. ചിത്രത്തില്‍ ഡി-ഏജിങ് (De-Aging) ടെക്‌നോളജി ഉപയോഗിച്ച് മമ്മൂട്ടിയുടെ ചെറുപ്പകാലം കാണിക്കുന്നതായും ഗോസിപ്പുകളുണ്ട്. വിജയ് ചിത്രം ഗോട്ടില്‍ De-Aging ടെക്‌നോളജി ഉപയോഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു.