''മമ്മൂട്ടിയുടെ പെരുമാറ്റം ഉൾക്കൊള്ളാനായില്ല, എന്റെ അവസാന ചിത്രം പരാജയപ്പെടാൻ കാരണം അതാണ്'' - കെ ജി ജോർജ്ജ്

Webdunia
വെള്ളി, 16 ഡിസം‌ബര്‍ 2016 (16:53 IST)
മലയാളത്തിലെ എക്കാലത്തെയും പ്രതിഭാധരനായ സംവിധായകരുടെ ലിസ്റ്റ് പരിശോധിച്ചാൽ അക്കൂട്ടത്തിൽ നമ്പർ വൺ ആയ ഒരാളുണ്ടാകും. കെജി ജോര്‍ജ്ജ്. 41 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തത് വെറും 19 സിനിമകളാണ്. സിനിമ ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ ഇന്ന് പലർക്കും അസാധ്യമാണ്. മികച്ച സിനിമ ചെയ്യണം, അല്ലെങ്കിൽ മനസ്സിനിണങ്ങിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ രീതി.
 
1998ൽ പുറത്തിറങ്ങിയ 'ഇലവങ്കോട് ദേശമാണ്' അദ്ദേഹത്തിന്റെ അവസാന സിനിമ. മമ്മൂട്ടിയായിരുന്നു നായകൻ. ആ ചിത്രം പരാജയപ്പെടാൻ കാരണം മമ്മൂട്ടിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രധാന വേഷത്തില്‍ അഭിനയിച്ച മമ്മൂട്ടി എന്ന താരത്തിന്റെ രീതികള്‍ എനിക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. അതുവരെ എനിക്കറിയാവുന്ന മമ്മൂട്ടിയായിരുന്നില്ല അത്. അല്ലെങ്കില്‍, എന്റെ ആദ്യകാല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എത്തിയ ആളായിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തിന് അത് പ്രധാന കാരണമായി എന്ന് 'ഫ്‌ലാഷ്ബാക്ക് എന്റെയും സിനിമയുടെയും' എന്ന ആത്മകഥയില്‍ അദ്ദേഹം പറഞ്ഞു. 
 
'ഫ്‌ലാഷ്ബാക്ക് എന്റെയും സിനിമയുടെയും' എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്;
സംവിധായകന്‍ എന്ന നിലയില്‍ എന്റെ സങ്കല്‍പങ്ങള്‍ക്കിണങ്ങുന്ന വിധത്തിലുള്ള സംഭാവനയാണ് ഏതൊരു അഭിനേതാവില്‍ നിന്നും ഞാന്‍ പ്രതീക്ഷിയ്ക്കുന്നത്. അഭിനേതാവ് സ്വന്തം താത്പര്യങ്ങള്‍ക്കും ഇമേജിനും ഗുണകരമായി മാത്രം ക്യാമറയ്ക്ക് മുന്നില്‍ നടിക്കാന്‍ തുടങ്ങുന്നിടത്ത് സംവിധായകന്റെ സിനിമ അവസാനിക്കുന്നു. അത് സിനിമയ്ക്ക് ഗുണകരമായില്ല എന്ന് ഞാന്‍ കരുതുന്നു. എന്റെ അവസാന സിനിമയില്‍ മമ്മൂട്ടിയില്‍ നിന്നുണ്ടായത് ഇത്തരം അനുഭവങ്ങളാണ്.
 
തന്നിലെ നടനെ കണ്ടെത്തിയത് ദേവലോകം എന്ന ചിത്രത്തില്‍ അവസരം നല്‍കിയ എംടി വാസുദേവന്‍ നായരും, വളര്‍ത്തിയത് വ്യത്യസ്തവും ശ്രദ്ധേയവുമായ വേഷങ്ങള്‍ നല്‍കിയ കെജി ജോര്‍ജ്ജ് എന്ന സംവിധായകനുമാണെന്ന് മമ്മൂട്ടി പറഞ്ഞതായി എവിടെയോ കണ്ടു. അദ്ദേഹത്തിന്റെ ആദ്യ കാലങ്ങളെ ഓര്‍മിച്ചാല്‍ അത് ശരിയുമാണ്. പിന്നീട് മമ്മൂട്ടി വളര്‍ന്നു. വലിയ താരമായി.
 
വളര്‍ന്ന് വലുതായ ഒരു താരം എന്റെ സിനിമകള്‍ക്ക് നല്‍കിയിരുന്ന അറ്റന്‍ഷന്‍ തുടര്‍ന്നും നല്‍കാന്‍ അദ്ദേഹത്തിന് കഴിയാത്തതില്‍ എനിക്ക് പരിഭവമില്ല. കാരണം, എന്റെ സംസ്‌കാരത്തെയോ പാരമ്പര്യത്തെയോ തിരുത്താന്‍ അദ്ദേഹത്തിന്റെ മനസ്ഥിതി കൊണ്ടായിട്ടില്ല. എന്നാല്‍ സിനിമാ പ്രവര്‍ത്തനം പഴയ രീതിയില്‍ തുടരാനാവില്ലെന്ന തീരുമാനത്തിലേക്ക് നയിക്കാന്‍ അത്തരം അനുഭവങ്ങള്‍ക്കായി.
Next Article