പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നത് ഒരു സംവിധായകന്റെ ജോലി അല്ല: ലിജോ ജോസ് പെല്ലിശ്ശേരി

നിഹാരിക കെ എസ്
വ്യാഴം, 5 ഡിസം‌ബര്‍ 2024 (15:40 IST)
‘മലൈകോട്ടൈ വാലിബന്‍’ സിനിമയ്ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നുണ്ടായ നിരാശ മറികടക്കാന്‍ ആഴ്ചകള്‍ എടുത്തെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മലൈകോട്ടെ ബാലിബന്‍ വമ്പൻ ഹൈപ്പിലായിരുന്നു റിലീസ് ആയത്. എന്നാൽ, റിലീസ് ആയി ആദ്യ ദിനം മുതൽ സിനിമയ്ക്ക് കടുത്ത രീതിയിലുള്ള നെഗറ്റീവ് പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെയാണ് ലിജോ ജോസ് പെല്ലിശേരി നിരാശയില്‍ ആയതിനെ കുറിച്ച് പറഞ്ഞത്.
 
കുട്ടിക്കാലം മുതല്‍ സിനിമയില്‍ കണ്ട അതിഗംഭീര മുഹൂര്‍ത്തങ്ങള്‍ പുനരാവിഷ്‌കരിക്കാനാണ് മലൈക്കോട്ടൈ വാലിബനില്‍ ശ്രമിച്ചത്. എന്റെ മനസില്‍ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചന്‍ സാറും രജനി സാറും സ്‌ക്രീനില്‍ നിറഞ്ഞാടിയ സിനിമകളില്ലേ, കയ്യടിച്ചും വിസലടിച്ചും തിയേറ്ററില്‍ ആസ്വദിച്ച സിനിമകള്‍. പക്ഷെ മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്.
 
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാന്‍ സംവിധായകന് കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയര്‍ത്താന്‍ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാല്‍ സിനിമ നിര്‍മ്മിക്കുക എന്നത് മാത്രമല്ല. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാകണം. അതും സംവിധാനത്തില്‍ പെടും എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article