താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി നിര്‍മ്മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. വിഷയത്തിൽ അമ്മയുടെ നടപടി അപലപനീയമാണെന്ന് ലിബർട്ടി ബഷീർ പറയുന്നു.
നടിയെ അക്രമിച്ച കേസില്‍ ഇപ്പോ ഒരു വര്‍ഷവും നാല് മാസവും പിന്നിടുകയാണ്. ഈ കാലമത്രേയും നിശബ്ദമായി നടിക്കൊപ്പം നിന്നവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് അന്ന് അവര്‍ മിണ്ടാതിരുന്നത്. - ലിബർട്ടി ബഷീർ വ്യക്തമാക്കി.
ദിലീപിനെ സംഘടയിലേക്ക് തിരിച്ചെടുത്ത പ്രസിഡന്റ് മോഹന്‍ലാലിന്റെ നടപടി വിശ്വസിക്കാനായില്ല. ഇന്ന് തിരിച്ചെടുത്തത് ചില വ്യക്തികള്‍ക്ക് ഉള്ള താല്‍പര്യത്തിന്റെ പുറത്താണ്. അല്ലാതെ അന്യായമായി പെരുമാറുന്ന കൂട്ടത്തിലല്ല മോഹന്‍ലാൽ എന്ന് ലിബർട്ടി ബഷീർ പറയുന്നു.
മമ്മൂട്ടി ഇപ്പോഴും പുറത്ത് നിക്കുന്നതും അന്ന് എല്ലാം സഹിച്ച് മിണ്ടാതെ നിന്നതും സംഘടന നശിക്കാതിരിക്കുന്നതിന് വേണ്ടിയാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന മമ്മൂട്ടി ഇപ്പോള്‍ ഒരു പദവിയും വഹിക്കുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. നടി അക്രമിക്കപ്പെട്ടുവെന്നും അതിന് ഉത്തരവാദികളായവര്‍ സംഘടനയിലേക്ക് വരുമ്പോള്‍ അകത്ത് പദവികള്‍ വഹിക്കാന്‍ താല്‍പര്യമില്ലാത്തത് തന്നെയാണ് മമ്മൂട്ടിയുടെ പിന്മാറ്റത്തിന് കാരണം എന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.