Jayaram, Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത 'അബ്രഹാം ഓസ്‌ലര്‍' നാളെ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് ഓസ്‌ലര്‍ കാത്തിരിക്കാനുള്ള മറ്റൊരു പ്രധാന കാരണം. ഈ സിനിമയില്‍ മമ്മൂട്ടി ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും താന്‍ ഷൂട്ടിങ്ങിനു ഉണ്ടായിരുന്ന ദിവസങ്ങളിലൊന്നും അദ്ദേഹത്തെ സെറ്റില്‍ കണ്ടിട്ടില്ല എന്നും ജയറാം നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ റോളിനെ കുറിച്ച് തന്നെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജയറാം. മിഥുന്‍ രമേശുമായുള്ള അഭിമുഖത്തിലാണ് ജയറാമിന്റെ വെളിപ്പെടുത്തല്‍. മമ്മൂക്കയുടെ സീന്‍ കാണിക്കുമ്പോള്‍ തിയറ്ററുകളില്‍ വെടിക്കെട്ട് ആയിരിക്കുമെന്നാണ് ജയറാം പറയുന്നത്.
'ആള്‍ക്കാര്‍ക്ക് കണ്ടുപിടിക്കാനാണോ ബുദ്ധിമുട്ട്, എന്താ ഇപ്പോ കണ്ടുപിടിക്കാത്തത്. എല്ലാവര്‍ക്കും എല്ലാം അറിയാം. ഈ കാലത്ത് ജനങ്ങളെയൊന്നും പറ്റിക്കാന്‍ പറ്റില്ല. പക്ഷേ എന്തോ ഒന്ന് ഹൈഡ് ചെയ്തു കാണിക്കുമ്പോള്‍ ഉള്ള ത്രില്ലുണ്ടല്ലോ. ആ സിനിമയില്‍ അവര്‍ ആദ്യം തൊട്ട് കാത്തിരിക്കണം എപ്പോഴായിരിക്കും അത് സംഭവിക്കുക എന്ന്. അത് നമ്മള്‍ കളയരുതല്ലോ. വെടിക്കുന്ന ഒരു ടൈം ആയിരിക്കും അത് ! തിയറ്ററില്‍ ഇങ്ങനെ വെടിക്കുന്ന ശബ്ദം വരും. അത് പറയാതെ തരമില്ല,' ജയറാം പറഞ്ഞു.
കേരളത്തില്‍ മാത്രം 300 ലേറെ സ്‌ക്രീനുകളില്‍ ഓസ്‌ലര്‍ റിലീസ് ചെയ്യും. വേള്‍ഡ് വൈഡായി 450 ലേറെ സ്‌ക്രീനുകള്‍ കാണുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ പ്രീ സെയില്‍ ആയി 30 ലക്ഷം കടന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ജയറാം ചിത്രത്തിനു ആദ്യമായാണ് ഇത്രയും വരവേല്‍പ്പ് ലഭിക്കുന്നത്.