Ozler, Jayaram: ആരും അഞ്ചാം പാതിര പ്രതീക്ഷിക്കരുത് ! ഓസ്‌ലര്‍ ഇമോഷണല്‍ ക്രൈം ഡ്രാമ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

രേണുക വേണു

ചൊവ്വ, 9 ജനുവരി 2024 (18:58 IST)
Jayaram (Ozler Movie)

Ozler, Jayaram: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‌ലറി'ന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ജനുവരി 11 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യുക. ഇമോഷണല്‍ ക്രൈം ഡ്രാമയായിരിക്കും ചിത്രമെന്നാണ് പുതിയ പോസ്റ്ററില്‍ നിന്നു വ്യക്തമാകുന്നത്. അഞ്ചാം പാതിര പോലെയുള്ള സിനിമയല്ലെന്നും ഓരോ കഥാപാത്രങ്ങളുടേയും ജീവിതത്തിലൂടെ കഥ പറയുകയാണ് ഓസ്‌ലറെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പറയുന്നു. 
 
കേരളത്തില്‍ മാത്രം 300 ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആദ്യദിനം ഓസ്ലര്‍ പ്രദര്‍ശിപ്പിക്കും. വേള്‍ഡ് വൈഡായി 450 ല്‍ അധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. സമീപകാലത്തൊന്നും ഒരു ജയറാം സിനിമയ്ക്ക് റിലീസിനു മുന്‍പ് ഇത്രത്തോളം സ്വീകാര്യത ലഭിച്ചിട്ടില്ല. ആദ്യദിനം മൂന്ന് കോടിക്കടുത്ത് ചിത്രം വേള്‍ഡ് വൈഡായി കളക്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. 
 
ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഓസ്ലര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു ജയറാം. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതും ഓസ്ലറിനു ഗുണം ചെയ്തിട്ടുണ്ട്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം. 
 
ഓസ്ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍