പാര്‍വതിയുടെ ഭാവി കളയരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു; പ്രണയവിവാഹത്തെ കുറിച്ച് ജയറാം

Webdunia
ബുധന്‍, 20 ഏപ്രില്‍ 2022 (08:46 IST)
മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരും പ്രണയിക്കുന്ന സമയത്ത് ജയറാമിനേക്കാള്‍ താരമൂല്യം പാര്‍വതിക്കുണ്ടായിരുന്നു. അക്കാലത്ത് റിലീസ് ചെയ്തിരുന്ന ഒട്ടുമിക്ക സിനിമകളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ജയറാം തുടക്കക്കാരനായിരുന്നു.
 
ജയറാമുമായുള്ള ബന്ധത്തെ പാര്‍വതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള ഒരാളുമായുള്ള ബന്ധത്തെ പാര്‍വതിയുടെ അമ്മ ശക്തമായി എതിര്‍ത്തു. പ്രത്യേകിച്ച് ജയറാം പാര്‍വതിയേക്കാള്‍ താരമൂല്യം കുറഞ്ഞ അഭിനേതാവ് ആയതിനാല്‍ അതും എതിര്‍പ്പിനുള്ള കാരണമായി. ഇതേ കുറിച്ചെല്ലാം ജയറാം പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
 
'അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാര്‍വതിയുമായുള്ള വിവാഹം. പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്,' ജയറാം പറഞ്ഞു.
 
'തുടക്കം മുതല്‍ പാര്‍വതിയുമായി ഉണ്ടായിരുന്നത് ശക്തമായ പ്രണയം തന്നെയായിരുന്നു. പാര്‍വതിയോട് ഇനി അഭിനയിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവള്‍ തന്നെയാണ് ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനം എടുത്തത്. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോയാല്‍ ആ കുടുംബത്തില്‍ സന്തോഷമുണ്ടാകില്ല. സിനിമയില്‍ ഒട്ടും സാധ്യമാകില്ല. രണ്ടുപേര്‍ക്കും പലയിടത്തായിരിക്കും ഷൂട്ടിങ്. അതിനിടയില്‍ വല്ലപ്പോഴും ആയിരിക്കും കാണുക. കുട്ടികളെയും ഇത് വല്ലാതെ ബാധിക്കും. ദുര്‍ബല ഹൃദയനായിട്ടുള്ള ആളാണ് ഞാന്‍. കുറച്ച് കാലം സിനിമയില്ലാതെ ഇരുന്നപ്പോള്‍ സ്ഥിരമായി വിളിക്കുന്നവര്‍ പോലും അകലം പാലിച്ചത് എന്നെ വിഷമിപ്പിച്ചിരുന്നു,' ജയറാം കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article