ജയലളിതയുടെ ആ വാക്കുകളായിരുന്നു അന്ന് മോഹൻലാലിന് ആശ്വാസമായത്!

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (09:20 IST)
എം ജി ആറിന്റേയും ജയലളിതയുടെയും ജീവിതം വരച്ച് കാണിച്ച ചിത്രമായിരുന്നു മണിരത്നം - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഇരുവർ. നിരവധി അവാർഡുകളും പ്രശംസകളും വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇരുവർ. പക്ഷേ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. ഇത് മോഹൻലാലിനേയും മണിരത്നത്തേയും വിഷമിപ്പിച്ചു.
 
സങ്കടത്തിനിടയിൽ മോഹൻലാലിന് ആശ്വാസമായത് ജയലളിതയുടെ വാക്കുകളാണ്. ഫോൺ കോൾ വഴിയാണ് ജയലളിത അഭിനന്ദനം അറിയിച്ചത്. 'നീങ്ക റൊമ്പ പ്രമാദമാ നടിച്ചിറുക്കീങ്കെ' എന്നായിരുന്നു ജയലളിത ഫോണിലൂടെ പറഞ്ഞത്. ആ അഭിനന്ദനം അന്ന് മോഹന്‍ലാലിന് വലിയ ആശ്വാസമായി. തമിഴക രാഷ്ട്രീയ ചരിത്രത്തില്‍ പരസ്യമായ രഹസ്യമായ എം ജി ആര്‍ ജയലളിത ബന്ധത്തിന്റെ അടയാളങ്ങളായിരുന്നു ഇരുവര്‍ എന്ന ചിത്രത്തിലെ പല രംഗങ്ങളും. 
 
ലോക സുന്ദരി പട്ടം ചൂടി വന്ന ഐശ്വര്യ റായിയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ആനന്ദന്‍.
Next Article