ഇത് പ്രതീക്ഷകൾക്കുമപ്പുറം, ആരാധക മനസ്സിനെ പിടിച്ചുകുലുക്കി മമ്മൂട്ടി!

Webdunia
തിങ്കള്‍, 7 ജനുവരി 2019 (07:48 IST)
സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് ഫെബ്രുവരി മാസത്തിനായാണ്. ട്രെയിലറിലൂടെയും ടീസറിലൂടെയുമെല്ലാം ആരാധകരുടെ മനം കവർന്ന പേരൻപിന്റെ റിലീസിനായി. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെന്ന മഹാനടനെ തിരിച്ച് കിട്ടിയിരിക്കുകയാണ് മലയാളികൾക്ക്. 
 
തമിഴിൽ മമ്മൂട്ടി എത്തിയതും ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം തന്നെയാണ്. അത് ഒരു അഡാർ വരവുതന്നെയാണെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പേരൻപിന്റെ ട്രെയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെല്ലാം ചർച്ചാ വിഷയം.
 
ആകാംക്ഷയുണർത്തുന്ന നിമിഷങ്ങളുമായി ചിത്രത്തിന്റെ ട്രെയിലർ എത്തിയപ്പോൾ അത് ആഴ്‌ന്നിറങ്ങിയത് ഓരോ സിനിമാപ്രേമികളുടേയും മനസ്സിലേക്കാണ്. കണ്ണുനനയിക്കുന്ന നിരവധി രംഗങ്ങളുമായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്‌തു.
 
മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്. ചെന്നൈയില്‍ നടന്ന വികടന്‍ സിനി അവാര്‍ഡ്സ് വേദിയില്‍ മമ്മൂട്ടിയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി – റാം ചിത്രം പേരന്‍പിന് ചലച്ചിത്രമേളകളില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഗോവയിൽ വെച്ച് സിനിമ കണ്ടവരെല്ലാം മനസിൽ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്. 
 
പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു. എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തന്നെ മനം നിറഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article