‘നയന്‍‌താര’യെ പ്രണയിച്ച കുപ്രസിദ്ധ റൌഡി വലയിലായി!

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (20:21 IST)
സിനിമാക്കഥയെ വെല്ലുന്ന കഥയാണ്. ബീഹാറിലെ ഒരു കുപ്രസിദ്ധ റൌഡിയെ സ്മാര്‍ട്ടായ ഒരു പൊലീസ് ഉദ്യോഗസ്ഥ വലയില്‍ വീഴ്ത്തിയ കഥ. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താരയുടെ ഫോട്ടോ കാണിച്ച് മയക്കി റൌഡിയെ പൊലീസുകാരി ഇരുമ്പഴിക്കുള്ളിലാക്കിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
മുഹമ്മദ് ഹസ്നൈന്‍ എന്ന ഗുണ്ടയാണ് പൊലീസിന്‍റെ ബുദ്ധിപരമായ നീക്കത്തിലൂടെ പിടിയിലായത്. ബി ജെ പി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ മുഹമ്മദ് ഹസ്നൈന്‍ മോഷ്ടിക്കുന്നിടത്താണ് കഥയുടെ തുടക്കം.
 
ധര്‍ബംഗ പൊലീസ് സ്റ്റേഷനില്‍ ഈ പരാതിയെത്തുന്നു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായ മധുബാല ദേവിക്ക് കേസിന്‍റെ ചുമതല ലഭിക്കുന്നു. സൈബര്‍ സെല്ലിന്‍റെ പരിശോധനയില്‍ മഹാതോയുടെ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലാണെന്നും അത് മുഹമ്മദ് ഹസ്നൈന്‍ എന്ന റൌഡിയുടെ കൈവശമാണെന്നും മനസിലാകുന്നു.
 
പൊലീസ് പലതവണ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വെട്ടിച്ച് കടന്നുകളഞ്ഞു. ഈ സമയത്താണ് മധുബാല ദേവിയുടെ തലയില്‍ പുതിയൊരു ആശയം ഉദിക്കുന്നത്. അവര്‍ നേരെ മുഹമ്മദ് ഹസ്നൈനെ ഫോണില്‍ വിളിക്കുന്നു. അയാളോട് പ്രണയമുള്ള ഒരു പെണ്‍കുട്ടിയെന്ന രീതിയില്‍ പെരുമാറുന്നു. ആദ്യമൊക്കെ ചെറിയ അസ്വാഭാവികത തോന്നിയെങ്കിലും പതിയെ റൌഡി പ്രണയത്തില്‍ വീഴുന്നു.
 
മുഹമ്മദ് ഹസ്നൈന്‍ മധുബാലയോട് ഫോട്ടോ തരാന്‍ ആവശ്യപ്പെടുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. മധുബാല നേരെ നയന്‍‌താരയുടെ ഒരു ചിത്രമെടുത്ത് അയച്ചുകൊടുക്കുന്നു. ദാ കിടക്കുന്നു കുപ്രസിദ്ധ റൌഡി!
 
സന്തോഷം കൊണ്ട് റൌഡിക്ക് കണ്ണുകാണാതായി. മധുബാലയെ നേരില്‍ കാണണമെന്നായി ആവശ്യം. ധര്‍ബംഗയിലെ ഒരു സ്ഥലത്ത് വച്ച് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. കക്ഷി നേരെ അവിടെയെത്തി. പൊലീസിന്‍റെ വലയിലാകുകയും ചെയ്തു!
 
എന്തായാലും നയന്‍‌താരയുടെ സിനിമകളൊന്നും മുഹമ്മദ് ഹസ്നൈന്‍ കണ്ടിരുന്നില്ല എന്നത് മധുബാല ദേവിയുടെ ഭാഗ്യം!

അനുബന്ധ വാര്‍ത്തകള്‍

Next Article