സഹോദരന്റെ ഭാര്യയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. ഭര്‍ത്താവ് മരിച്ചതിനാലാണ് ഇരുപത്തിയഞ്ചുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ഈ സംഭവത്തിൽ മനം നൊന്താണ് മഹാദേവ് ദാസ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.
മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യയായിരുന്നു റുബി. ഒട്ടേറെ ഗ്രാമീണരും ബന്ധുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ അമ്മയെ പോലെ കരുതിയിരുന്ന സ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നതിലുള്ള മനപ്രയാസത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
ഒരു പ്രൈവറ്റ് കമ്പനിയിലെ ഇലക്ട്രീഷ്യനായിരുന്നു മരിച്ച സന്തോഷ്. അയാള്‍ മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചിരുന്നു. ഈ പണം റുബിയുടെ അക്കൗണ്ടില്‍ ഇടാനായി അവളുടെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചു. പണം നിക്ഷേപിക്കുന്നില്ലെങ്കില്‍ ഇളയ മകനെക്കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കണമെന്ന് അവര്‍ നിര്‍ദ്ദേശം വെച്ചു. ഇതോടെയാണ് സന്തോഷിന്റെ കുടുംബം വിദ്യാര്‍ഥിയെ വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്.