Gold Price Today: സാധാരണക്കാരന് താങ്ങില്ല; ചരിത്രത്തിലാദ്യമായി സ്വർണവില 60,000 കടന്നു

നിഹാരിക കെ.എസ്

ബുധന്‍, 22 ജനുവരി 2025 (10:59 IST)
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി പവന്റെ വില 60,000 രൂപ കടന്ന് കുതിച്ചു. ആഗോള വിപണിയിലും വില കുത്തനെ കൂടുകയാണ്. ഇനിയും വില കൂടുമെന്നാണ് പ്രചാരണം. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. അമേരിക്കയിലെ ഭരണമാറ്റത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വമാണ് പൊടുന്നനെയുള്ള കുതിപ്പിന് പിന്നിലെന്നാണ് വിലയിരുത്തൽ.
 
സ്വർ‌ണവിലയിൽ ഈ മാസം ഇതുവരെ 3000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.‌ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 60,200 രൂപയാണ് വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7525 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6205 രൂപയിലെത്തി. വെള്ളിയുടെ വില 99 രൂപ എന്ന ഗ്രാം നിരക്ക് തുടരുകയാണ്.
 
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2749 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 66,000 രൂപ വരെ ചെലവ് വന്നേക്കാം. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള വില കിട്ടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍