Mammootty Kampany: 'മമ്മൂട്ടി കമ്പനി എന്താ ഇങ്ങനെ'; സ്വന്തം പടത്തിനു പ്രൊമോഷന്‍ കൊടുക്കാന്‍ എന്തിനാണ് മടിയെന്ന് ആരാധകര്‍, വിമര്‍ശനം

രേണുക വേണു

ബുധന്‍, 22 ജനുവരി 2025 (08:13 IST)
Mammootty Kampany

Mammootty Kampany: മമ്മൂട്ടി കമ്പനി പ്രൊമോഷനില്‍ കാണിക്കുന്ന 'അലസത'യെ വിമര്‍ശിച്ചും ട്രോളിയും ആരാധകര്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമകള്‍ക്ക് ആവശ്യമായ പ്രൊമോഷന്‍ നല്‍കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' ജനുവരി 23 വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കുകയാണ്. റിലീസിന്റെ തലേന്ന് ആയിട്ടു പോലും ഈ സിനിമയിലെ അഭിനേതാക്കളെയോ അണിയറപ്രവര്‍ത്തകരെയോ ഉള്‍ക്കൊള്ളിച്ച് നല്ലൊരു അഭിമുഖം പോലും കൊടുക്കാന്‍ നിര്‍മാണ കമ്പനിക്ക് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എല്ലാ സിനിമകളുടെയും അവസ്ഥ ഇതുതന്നെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പോസ്റ്ററുകള്‍ പോലും പലയിടത്തും വന്നിട്ടില്ല. എല്ലാ സിനിമകളും മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം ആളുകളിലേക്ക് എത്തിയാല്‍ മതിയെന്ന നിലപാടാണ് മമ്മൂട്ടി കമ്പനിക്കെന്നും ആരാധകര്‍ പരിഹസിക്കുന്നു. പൈസ ചെലവാക്കാനുള്ള മടി കൊണ്ടാണ് മമ്മൂട്ടി കമ്പനി അധികം പ്രൊമോഷന്‍ നടത്താത്തതെന്നാണ് മറ്റു ചിലരുടെ പരിഹാസം. ഉറപ്പായും നൂറ് കോടിയില്‍ എത്തേണ്ടിയിരുന്ന കണ്ണൂര്‍ സ്‌ക്വാഡ് അര്‍ഹിച്ച ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടാതെ പോയത് മമ്മൂട്ടി കമ്പനിയുടെ അലസ സമീപനം കൊണ്ടാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. 
 
അതേസമയം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും ഈ ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, ടര്‍ബോ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച മറ്റു സിനിമകള്‍. മമ്മൂട്ടി കമ്പനിയുടെ എല്ലാ സിനിമകളും വാണിജ്യപരമായി വിജയമായിരുന്നു. വലിയ പ്രൊമോഷന്‍ ഇല്ലാതെയും നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് മമ്മൂട്ടി കമ്പനിക്കുള്ളതെന്നാണ് ചില ആരാധകര്‍ അനുകൂലിച്ചുകൊണ്ട് പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍