രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ തെന്നിന്ത്യൻ സിനിമാ രംഗത്തെ ഏറ്റവും തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മികച്ച സിനിമകൾ തുടരെ മീരയെ തേടി വന്നു. ദേശീയ പുരസ്കാരം ഉൾപ്പെടെ നേടി മീരയുടെ പ്രശസ്തി കുതിച്ചുയർന്നു. പ്രത്യേകിച്ചും മലയാള സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ മീര വളരെ ശ്രദ്ധാലുവായിരുന്നു. നായികാ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രം നടി തെരഞ്ഞെടുത്തു. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മീര സിനിമകളിൽ സെലക്ടീവ് ആകുന്നത് പലരുടെയും അനിഷ്ടത്തിനും കാരണമായിട്ടുണ്ട്.
മീര ജാസ്മിനെ നായികയാക്കാത്തതിനെക്കുറിച്ച് ലാൽ ജോസ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുല്ലയിൽ അഭിനയിക്കേണ്ടിയിരുന്നത് മീര ജാസ്മിനാണ്. കഥ പറയാൻ കൽക്കത്ത ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. തിരിച്ച് വന്ന ശേഷം മീര ജാസ്മിൻ ദിലീപിനോട് ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് പറഞ്ഞു. മനസിലാകാത്ത ഒരാളെ കാസ്റ്റ് ചെയ്യേണ്ട എന്ന് തീരുമാനിച്ച് പുതിയൊരാളെ നോക്കി.
അങ്ങനെയാണ് മീര നന്ദനെ കിട്ടുന്നത്. മീര നന്ദന്റെ ആദ്യ സിനിമയായിരുന്നു അതെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി. മീര ജാസ്മിനോട് ലാൽ ജോസിന് നീരസം തോന്നിയെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ മീര പറഞ്ഞത് ശരിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായങ്ങൾ. മുല്ലയുടെ കഥ സിനിമ കണ്ടവർക്ക് പോലും മനസിലായിട്ടില്ലെന്ന് കമന്റുകൾ വന്നു.