ട്രെൻഡ് ആകുമെന്ന് കരുതി ചെയ്തു, തിയേറ്ററിൽ കൂവലോട് കൂവൽ; പൊട്ടിയെന്ന് കരുതിയ ആ പടത്തിന് മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പ്

നിഹാരിക കെ.എസ്

ചൊവ്വ, 21 ജനുവരി 2025 (16:17 IST)
കമൽ സംവിധാനം ചെയ്ത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് നിറം. കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കമൽ ഒരുക്കിയ ചിത്രത്തിന് ആദ്യ രണ്ട് ദിവസം ശോകം റിപ്പോർട്ട് ആയിരുന്നു. തിയേറ്ററിൽ കൂവൽ മേളമായി. സിനിമ പരാജയപ്പെട്ടെന്ന് തന്നെ കമലും നിർമാതാക്കളും കരുതി. എന്നാൽ, മൂന്നാം ദിവസം കാര്യങ്ങൾ മാറി മറിഞ്ഞു. സിനിമ യൂത്ത് ഏറ്റെടുക്കുകയും ഹിറ്റ് ആവുകയും ചെയ്തു. ആ സംഭവത്തെ കുറിച്ച് കമൽ പറയുന്നതിങ്ങനെ.
 
'റിലീസ് ദിവസം തിയേറ്ററിൽ പോയി സിനിമ കാണാനുള്ള ധൈര്യം എനിക്കില്ല.നിറത്തിന് ആദ്യ ദിവസം കൂവൽ ആയിരുന്നു. അടുത്ത ദിവസവും ഇതുതന്നെ അവസ്ഥ. കൂവൽ എവിടെയാണെന്ന് അറിഞ്ഞാൽ ആ ഭാഗം എഡിറ്റ് ചെയ്ത് പുതിയത് ഇറക്കാമെന്ന് തീരുമാനിച്ചു. എന്നാൽ, കുഞ്ചാക്കോ ബോബനും ശാലിനിയും 'എടാ' എന്ന് വിളിക്കുന്നതാണ് പ്രശ്നം. അവിടെയാണ് കൂവൽ എന്ന് കേട്ടതും ഞെട്ടി. ആ സിനിമ മുഴുവൻ അവർ അങ്ങനെയാണ് വിളിക്കുന്നത്. അതോടെ, പടം വീണു എന്ന് കരുതി.
 
മൂന്നാം ദിവസം പടം കയറി കൊളുത്തി. യൂത്ത് ഏറ്റെടുത്തു. കോഴിക്കോടും തിരുവന്തപുരത്തും ഇതുതന്നെ അവസ്ഥ. നിർമാതാക്കളും ലിബർട്ടി ബഷീറും ആണ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞത്. വർഷമെത്രെ കഴിഞ്ഞാലും ആ ഫോൺ വിളി ഞാൻ മറക്കില്ല', കമൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍