Happy Birthday Tovino Thomas: ആ സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് ടൊവിനോയെ വിളിച്ച് ഉപദേശിച്ചു, കണക്കുകൂട്ടലുകൾ കൃത്യമായിരുന്നു!

നിഹാരിക കെ.എസ്

ചൊവ്വ, 21 ജനുവരി 2025 (10:26 IST)
യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ സ്റ്റാർ പദവിയിലെത്തിയ നടനാണ് ടൊവിനോ തോമസ്. ടൊവിനോ ഇന്ന് പിറന്നാൾ ആഘോഷത്തിലാണ്. സഹനടനായും വില്ലനായും കരിയർ ആരംഭിച്ച ടൊവിനോ ഇന്ന് മലയാളത്തിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ്. മിനിമം ഗ്യാരണ്ടിയുള്ള നടനായി ടൊവിനോ വളർന്നു കഴിഞ്ഞു. അഭിനയത്തിലെ വ്യത്യസ്തതകള്‍ തേടുന്നതിൽ ടൊവിനോ എന്നും വിജയിച്ചിരുന്നു. 
 
തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയത് എന്നു നിന്റെ മൊയ്തീന്‍ ആണെന്ന് ടൊവിനോ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജും പാര്‍വ്വതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തിയ സിനിമയില്‍ സഹനടനായിരുന്നു ടൊവിനോ. ഈ സിനിമയ്ക്ക് പിന്നാലെ തന്നോട് ഇനി ക്യാരക്ടര്‍ റോളുകള്‍ ചെയ്യരുതെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നാണ് ടൊവിനോ പറയുന്നത്. കരിയറിൽ ഒരു സഹോദരനെ പോലെ പൃഥ്വിരാജ് ടൊവിനോയ്ക്ക് ഒപ്പം തുടക്കം മുതൽ നിന്നിട്ടുണ്ട്.
 
പൃഥ്വിരാജ് നായകനായ സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ സഹനടനായി തിളങ്ങിയ ടൊവിനോ തോമസിനെ നായകനാക്കിയ ചിത്രം ഗപ്പിയാണ്. ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നാലെ ഇറങ്ങിയ ഒരു മെക്സിക്കൻ അപാരതയിലൂടെ ടോവിനോയിലെ സ്റ്റാറിനെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. അവിടം മുതൽ തുടങ്ങിയ 'സ്റ്റാർ' യാത്ര ഇന്ന് അജയന്റെ രണ്ടാം മോക്ഷണത്തിൽ എത്തി നിൽക്കുന്നു. 
 
തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ നടനാണ് പൃഥ്വിരാജെന്ന് ടൊവിനോ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിരാജ് ആണെന്നും അതിന് ശേഷമാണ് തനിക്ക് ലീഡ് റോൾ കിട്ടിയതെന്നുമാണ് ടൊവിനോ പറയുന്നത്. തനിക്ക് ഇനി ലീഡ് റോളുകൾ കിട്ടുമെന്ന് പൃഥ്വിരാജ് കണക്കുകൂട്ടിയെന്നും താൻ പോലും അത് തിരിച്ചറിഞ്ഞില്ലെന്നുമാണ് ടൊവിനോ പറയുന്നത്.
 
എസ്രാ എന്ന ചിത്രത്തിലെ ഒരു റോളിലേക്ക് ടോവിനോയെ വിളിച്ചാലോ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ 'വേണ്ട അവനിപ്പോൾ ലീഡ് റോളുകൾ ആണ് ചെയ്യുന്നത്, ചെറിയ റോളിലേക്ക് ഇനി അവനെ വിളിക്കണ്ട' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. സെവൻത് ഡേയുടെ ലൊക്കേഷനിൽ വെച്ച് ആരംഭിച്ച പരിചയം ഇന്ന് ലൂസിഫറിൽ എത്തി നിൽക്കുമ്പോഴും അനാവശ്യമായ ഫ്രീഡം താൻ പൃഥ്വിരാജിന്റെ അടുത്ത് എടുത്തിട്ടില്ലെന്ന് ടൊവിനോ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍