പാൻ ഇന്ത്യൻ തലത്തിൽ വളർന്നിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ടൊവിനോയുടെ തുടക്കകാലം അത്ര എളുപ്പമായിരുന്നില്ല. നല്ല ഒരു ജോലി ഉപേക്ഷിച്ച് സിനിമയിലേക്കുള്ള വരവും, സാമ്പത്തിക തകർച്ചയും, മാനസികമായ തളർച്ചയും എല്ലാം കൂടെ നിന്ന് സഹിച്ചത് തന്റെ ഭാര്യ ലിഡിയ ആണെന്ന് ടൊവിനോ പലതവണ പറഞ്ഞിട്ടുണ്ട്.
പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ലിഡിയയെ ടൊവിനോ ആദ്യമായി കാണുന്നത്. വേറെ വേറെ ഡിവിഷനിലാണ്. കോപ്പിയടിക്കാൻ വേണ്ടി ചോദിച്ചത് മുതലാണ് ആ ബന്ധം തുടങ്ങുന്നത്. സ്‌കൂൾ പഠനം പൂർത്തിയാക്കി, പിന്നീട് കോയമ്പത്തൂരിൽ ആണ് രണ്ട് പേരും കോളേജ് പഠനം പൂർത്തിയാക്കിയത്.
എന്താണ് ലിഡിയയിൽ കൂടുതൽ ആകർഷിച്ചത്, എന്താണ് ക്വാളിറ്റി എന്നൊക്കെ ചോദിച്ചാൽ ഒരു കാരണമായി പറയാൻ പറ്റില്ല. ഞങ്ങൾക്ക് പരസ്പരം കണക്ട് ചെയ്യാൻ പറ്റി. അങ്ങനെ സംഭവിക്കുമ്പോഴാണല്ലോ ഏതൊരു പ്രണയവും വിവാഹത്തിലേക്ക് എത്തുന്നത്. പറയാതെ തന്നെ കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് ഞങ്ങളുടെ ബന്ധം. പരസ്പരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്, പക്ഷേ അവസാനം ഒരു പോയിന്റിൽ അത് ഒന്നിക്കാൻ പറ്റാറുണ്ട്
സിനിമയിലേക്ക് വരാൻ തന്നെ കാരണമായത് ലിഡിയയാണെന്ന് ടൊവിനോ പറഞ്ഞിട്ടുണ്ട്. പതിനഞ്ചാം വയസ്സ് മുതൽ എന്നെ അറിയാവുന്ന ആളാണ്. എനിക്ക് സിനിമയോട് എത്രത്തോളം ഇഷ്ടമാണെന്ന് ഞാൻ പറയാതെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പഠനമൊക്കെ കഴിഞ്ഞ് വലിയ മൾട്ടി നാഷണൽ കമ്പനിയിൽ എൻജിനിയറായി എത്തിയപ്പോഴാണ് ഇത് എനിക്ക് പറ്റിയ പണിയല്ല എന്ന് തിരിച്ചറിഞ്ഞത്. എന്ത് ചെയ്യും എന്ന് ചോദിച്ച് ലിഡിയയെ വിളിച്ചപ്പോൾ, സിനിമ ആഗ്രഹിക്കുന്നില്ലേ, ആ വഴി ശ്രമിക്കൂ എന്ന് പറഞ്ഞു. ഒരു ബാക്ക് ഗ്രൗണ്ടും ഇല്ലാത്ത എന്നെ പോലൊരാൾക്ക് സിനിമ പറ്റുമോ എന്ന് ചോദിച്ചപ്പോൾ, അത് ശ്രമിച്ചാലേ അറിയൂ എന്നായിരുന്നു അവളുടെ മറുപടി.