അലൈപായുതെ എന്ന ഒരൊറ്റ സിനിമ മതി മാധവൻ എന്ന നടനെ സൗത്ത് ഇന്ത്യ എക്കാലവും ഓർത്തിരിക്കാൻ. മിന്നലെയും മാധവന്റെ മൈലേജ് കൂട്ടി. മിന്നലെയുടെ ഹിന്ദി റീമേക്കായ രെഹ്നാ ഹേ തേര ദില്‍ മേയിലൂടെയാണ് ബോളിവുഡിലെത്തുന്നത്. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും മാധവന്‍ ശ്രദ്ധിക്കപ്പെട്ടു. ഒരുകാലത്തെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ഇന്നും മുന്‍നിര നായകനായി നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് മാധവന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
'എന്റെ കരിയറിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന രണ്ട് നിമിഷങ്ങളില്‍ ഒന്നാമത്തേത് ഷൂട്ടിന്റെ ആദ്യത്തെ ദിവസമാണ്. രണ്ടാമത്തേത് റിലീസിന്റെ ആദ്യ ദിവസമാണ്. അന്ന് എല്ലാവരും നമ്മളെയാകും നോക്കുക. നീ കഴിഞ്ഞു, നിന്റെ കഴിവൊക്കെ നഷ്ടമായി എന്ന് ആളുകള്‍ പറയുന്നതായി എനിക്ക് തോന്നും” എന്നാണ് മാധവന്‍ പറയുന്നത്.
അതേസമയം സിനിമയുടെ ബോക്‌സ് ഓഫീസ് പ്രഷറില്‍ നിന്നും സ്വാതന്ത്ര്യവും സമാധാനവും നല്‍കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നുണ്ടെന്നും മാധവന്‍ പറയുന്നുണ്ട്. അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പിന്നിടാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മാധവന്‍ പറയുന്നു. 25 വര്‍ഷമായി നായകനായി തന്നെ അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നാണ് മാധവന്‍ പറയുന്നത്.