മമ്മൂട്ടി ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്; പകരം മറ്റൊരു സൂപ്പര്‍താരം !

രേണുക വേണു
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (09:13 IST)
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഫഹദ് ഫാസില്‍ പിന്മാറിയതായി സൂചന. മറ്റു പ്രൊജക്ടുകളുടെ തിരക്ക് കാരണമാണ് മഹേഷ് നാരായണന്‍ ചിത്രം ഫഹദ് ഉപേക്ഷിച്ചതെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
പുഷ്പ 2 അടക്കം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കിനെ തുടര്‍ന്നാണ് മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്നുള്ള ഫഹദിന്റെ പിന്മാറ്റം. ഫഹദിനു പകരം ആസിഫ് അലിയായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദിന്റെ ഒരു മാസത്തില്‍ ഏറെയുള്ള ഡേറ്റ് ആവശ്യമായിരുന്നു. 
 
അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് ഉറപ്പായി. നിര്‍മാതാവ് ജോബി ജോര്‍ജ് ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തില്‍ സുപ്രധാന കാമിയോ റോളില്‍ ആയിരിക്കും മോഹന്‍ലാല്‍ എത്തുക. ശ്രീലങ്കയില്‍ ആയിരിക്കും പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസ് കൂടി ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article