ദുല്‍ക്കര്‍ സല്‍മാന്‍ മാഫിയ കിംഗ്, അമല്‍ നീരദ് ചിത്രം വരുന്നു?

Webdunia
ശനി, 28 ജൂലൈ 2018 (15:06 IST)
‘വരത്തന്‍’ എന്ന സിനിമയുടെ തിരക്കിലാണ് സംവിധായകന്‍ അമല്‍ നീരദ്. ചിത്രീകരണം പൂര്‍ത്തിയായ ഈ ഫഹദ് ഫാസില്‍ സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. അമല്‍ നീരദില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒരു ചിത്രമായിരിക്കും വരത്തന്‍.
 
വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ബിഗ്ബിയുടെ രണ്ടാം ഭാഗമായ ‘ബിലാല്‍’ ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ആ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെ സമയമെടുക്കുമെന്നാണ് വിവരം. അതിനിടെ ദുല്‍ക്കറിനെ നായകനാക്കി ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലര്‍ അമല്‍ നീരദ് പ്ലാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
ദുല്‍ക്കറിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ‘സി ഐ എ’ ഒരു റൊമാന്‍റിക് റോഡ് മൂവി ആയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുള്ള ഒരു അധോലോക കഥയാണത്രേ ദുല്‍ക്കറിനായി ഒരുക്കുന്നത്. അധോലോകരാജാവായി ദുല്‍ക്കര്‍ അഭിനയിക്കുമ്പോള്‍ അത് ഡിക്യുവിന്‍റെ സൂപ്പര്‍താരപദവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 
മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള യുവതാരമായി ദുല്‍ക്കര്‍ സിംഹാസനം ഉറപ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഒരു കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന ദുല്‍ക്കര്‍ ചാര്‍ളി എന്ന മെഗാഹിറ്റോടെയാണ് യുവതാരങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. അതിന് ശേഷമെത്തിയ കമ്മട്ടിപ്പാടം ദുല്‍ക്കറിന്‍റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഒരു നടന്‍ എന്ന നിലയില്‍ ഏറെ പാകത വന്ന പ്രകടനം കമ്മട്ടിപ്പാടത്തില്‍ കാഴ്ചവച്ചതോടെ അടുത്ത സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കും അത് ദുല്‍ക്കറിന് ചവിട്ടുപടിയായി. സത്യന്‍ അന്തിക്കാടിന്‍റെയും അമല്‍ നീരദിന്‍റെയും പടങ്ങളില്‍ അഭിനയിച്ച ദുല്‍ക്കര്‍ പിന്നീട് അന്യഭാഷകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് കണ്ടത്. 
 
മണിരത്നത്തിന്‍റെ ‘ഓകെ കണ്‍‌മണി’ക്ക് ശേഷം തെലുങ്കില്‍ മഹാനടിയും ഹിന്ദിയില്‍ കര്‍വാനും ചെയ്തു. ഒരു തമിഴ് പടത്തിന്‍റെ ജോലികള്‍ നടക്കുന്നു. ‘മഹാനടി’ നൂറുകോടി ക്ലബില്‍ ഇടം പിടിക്കുകയും ചെയ്തു. വളരെ ശ്രദ്ധിച്ചുള്ള ചുവടുവയ്പ്പുകളാണ് കരിയറില്‍ ദുല്‍ക്കര്‍ നടത്തുന്നത്. വലിയ സംവിധായകരുടെ ഗംഭീര പ്രൊജക്ടുകളാണ് ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ദുല്‍ക്കറിനെ കാത്തിരിക്കുന്നത്. ദുല്‍ക്കറിന്‍റെ സിനിമാ സെലക്ഷനിലും കരിയര്‍ പ്ലാനിംഗിലും മമ്മൂട്ടിയുടെ മേല്‍നോട്ടമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article