ദുല്‍ക്കര്‍ വീണ്ടും തെലുങ്കില്‍, കൂട്ടിന് രാം ചരണ്‍ തേജ!
ചൊവ്വ, 22 മെയ് 2018 (12:07 IST)
‘മഹാനടി’യുടെ മഹാവിജയം ദുല്‍ക്കര്‍ സല്‍മാന് നല്‍കിയ മൈലേജ് കുറച്ചൊന്നുമല്ല. മോഹന്‍ലാലിന് ശേഷം തെലുങ്കില്‍ ഇത്രയധികം അഭിനന്ദനങ്ങള്‍ നേടിയൊരു മലയാളതാരവുമില്ല. എന്തായാലും തന്‍റെ അടുത്ത തെലുങ്ക് ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തേജയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ എസ് രവിചന്ദ്രയാണ്. കെ ചക്രവര്‍ത്തി തിരക്കഥയെഴുതുന്നു.
ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെയാണ് ലക്‍ഷ്യമിടുന്നത്. ഏകദേശം 100 കോടി ബജറ്റിലായിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.
അതേസമയം, വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനും ദുല്‍ക്കര്‍ ഒരുങ്ങുകയാണ്. ബി സി നൌഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. ആന്‍റോ ജോസഫാണ് നിര്‍മ്മാണം.