അസ്ഥികൂടം ഒരു പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ അസ്ഥികൂടം പൂര്‍ണ രൂപത്തിലല്ല. ചില ഭാഗങ്ങള്‍ കാണാനില്ല. ആറാമത്തെ സ്ഥലത്ത് കുഴിച്ചപ്പോഴാണ് അസ്ഥികൂടം ലഭിച്ചത്. നേരത്തെ മണ്ണ് നീക്കി പരിശോധിച്ച അഞ്ചിടത്ത് നിന്നും ഒന്നും ലഭിച്ചിരുന്നില്ല. ഏതാണ്ട് നാല് അടി താഴ്ചയില്‍ ആയിരുന്നു അസ്ഥികൂടം. എല്ലുകള്‍ ഏറെക്കുറെ ദ്രവിച്ച അവസ്ഥയിലായിരുന്നു.
ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുന്നത്. 1995 മുതല്‍ 2014 വരെ ധര്‍മസ്ഥലയിലെ ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തി പല തവണകളിലായി ധര്‍മസ്ഥല അധികാരികളുടെ അറിവോടെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അടക്കം മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായാണ് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയെയും കൊണ്ട് അന്വേഷണസംഘം ധര്‍മസ്ഥലയില്‍ എത്തി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നു ഇയാള്‍ പറയുന്ന സ്ഥലങ്ങള്‍ റിബണ്‍ കെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്. താന്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലയളവില്‍ നൂറോളം മൃതദേഹങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിയില്‍ പലയിടത്തായി മറവ് ചെയ്തിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ 48 കാരന്റെ ആരോപണം. താന്‍ മറവ് ചെയ്തവരില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഉണ്ടെന്ന് ഇയാള്‍ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ അറിവോടെയാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു.